മുഹമ്മദ് ഷമിക്ക് തിരിച്ചടി; മുന്‍ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കോടതി

0
220

കൊല്‍ക്കത്ത: വിവാഹ മോചനക്കേസില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് തിരിച്ചടി. വിവാഹ ബന്ധം വേര്‍പെടുത്തിയ ഷമി, മുന്‍ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതി ഉത്തരവിട്ടു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി നല്‍കണണമെന്നായിരുന്നു ഹസിന്‍ ജഹാൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

2018-ല്‍ വിവാഹ മോചനകേസ് ഫയല്‍ ചെയ്തപ്പോഴാണ്  പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് ജഹാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. വ്യക്തിഗത ചെലവുകൾക്കായി ഏഴ് ലക്ഷം രൂപയും മകളുടെ ചെലവുകള്‍ക്കായി മൂന്ന് ലക്ഷം രൂപയും ഷമി പ്രതിമാസം നല്‍കണമെന്നായിരുന്നു ജഹാന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഹര്‍ജിയിലാണ് അലിപൂർ കോടതി ജഡ്ജി അനിന്ദിത ഗാംഗുലി പ്രതിമാസം 50000 രൂപ ജീവനാംശമായി നല്‍കാനുള്ള വിധി പ്രസ്താവിച്ചത്. എന്നാല്‍ വിധിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹസിന്‍ ജഹാന്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഹസിന്‍ ജഹാന്‍ സൂചിപ്പിച്ചു.

ഷമിക്കെതിരെ പരസ്ത്രീ ബന്ധവും ഗാർഹിക പീഡനവും ആരോപിച്ച് ഹസിൻ ജഹാന്‍ ജാദവ്പൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഇരവരും തമ്മിലുള്ള തർക്കം പരസ്യമായത്. തെളിവായി സമൂഹമാധ്യമങ്ങളിലൂടെ നിരവധി ചിത്രങ്ങളും ഷമിയുടെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഹസിന്‍ ജഹാന്‍റെ പരാതിയെ തുടർന്ന് ഷമിക്കെതിരെ ഗാർഹിക പീഡനം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുമ്പോഴെല്ലാം ക്രിക്കറ്റ് താരവും കുടുംബവും തന്നെ പീഡിപ്പിക്കാറുണ്ടെന്ന് ഹസിൻ ജഹാൻ പരാതിയില്‍ പറഞ്ഞിരുന്നു.ഷമിയുടെ കുടുംബം തന്നോട് എങ്ങനെ പെരുമാറിയെന്ന് അയൽക്കാരോട് ചോദിക്കണമെന്നും രണ്ട് വർഷമായി അവൻ വിവാഹമോചനം ആവശ്യപ്പെടുന്നതിനാൽ മിണ്ടാതിരിക്കുകയായിരുന്നുവെന്നും ഹസിന്‍ ജഹാന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. തന്നെ ഉപേക്ഷിക്കാൻ ഷമി എല്ലാ ശ്രമങ്ങളും നടത്തിയെന്നും ജഹാൻ പറഞ്ഞു.

വിവധ ഫോൺ നമ്പറുകളില്‍ നിന്ന് ഉപയോഗിച്ച് ഷമി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജഹാൻ ആരോപിച്ചിരുന്നു. എന്നാല്‍ ഷമി ജഹാന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു ഷമിയുടെ വിശദീകരണം.വിശ്വാസവഞ്ചന, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ജഹാനോട് മാപ്പ് പറയാൻ തയ്യാറാണെന്നും ഷമി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here