ഇങ്ങനെ വീഡിയോ ചെയ്താല്‍ 10 ലക്ഷം പിഴ കിട്ടും; വ്ളോഗര്‍മാര്‍ക്ക് പണിയുമായി കേന്ദ്രം

0
232

ദില്ലി: ഇന്നത്തെ സോഷ്യല്‍ മീഡിയ യുഗത്തില്‍ വലിയ പ്രധാന്യമാണ് വ്ളോഗര്‍മാര്‍ക്ക്. വ്ളോഗര്‍മാരുടെ സാന്നിധ്യവും അവരുടെ സ്വാധീന ശേഷിയും വിചാരിക്കുന്നതിനപ്പുറമാണ്. അത് ഇന്നത്തെ യുവതലമുറയില്‍ വലിയ സ്വാധീനം തന്നെയാണ് ചെലുത്തുന്നത്. ഏത് ഉത്പന്നവും അനുഭവവും വളരെ മികച്ചതാണ് അല്ലെങ്കില്‍ വളരെ നല്ലതാണ് എന്ന് പറയുന്നതാണ് ഇന്നത്തെ വ്ളോഗുകളുടെ പൊതു അവസ്ഥ. ഇത്തരത്തില്‍ ഒരു വ്ളോഗ് പെയിഡ് പ്രമോഷന്‍ ആണെങ്കില്‍ പോലും അത് സാധാരണ പ്രേക്ഷകന് മനസിലാകണം എന്നില്ല.

ഇത്തരം അവസ്ഥയ്ക്ക് ഒരു വിരാമം കുറിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നതാണ് പുതിയ വാര്‍ത്ത. ഇന്നത്തെ അവസ്ഥയില്‍ എന്തും മാര്‍ക്കറ്റ് ചെയ്യാനുള്ള ശേഷി സോഷ്യല്‍ മീഡിയ വ്ളോഗര്‍മാര്‍ക്കുണ്ട്. 2025 ആകുമ്പോള്‍ വ്ളോഗര്‍മാരിലൂടെയും ഇന്‍ഫ്ളൂവന്‍സര്‍മാരിലൂടെയും നടക്കുന്ന ബിസിനസുകളുടെ മൂല്യം 2800 കോടി എത്തുമെന്നാണ് പ്രവചനം. അതിനാല്‍ തന്നെ ഈ മേഖലയില്‍ ചില കടിഞ്ഞാണുകള്‍ വേണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ഉപഭോക്തൃ  മന്ത്രാലയം ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ ഇറക്കിയിരിക്കുകയാണ്.

ഈ മാര്‍ഗ്ഗരേഖ തെറ്റിച്ചുള്ള വീഡിയോകള്‍, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്രമോഷന്‍ നടത്തിയാല്‍ 10 ലക്ഷം വരെ പിഴവരാം എന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദേശം. വ്ളോഗുകളില്‍ ഏതെങ്കില്‍ ഉത്പന്നം സേവനം എന്നിവ പെയിഡ് പ്രമോഷന്‍ ചെയ്യുന്നെങ്കില്‍ അത് പെയിഡ് പ്രമോഷനാണെന്ന് കൃത്യമായി വ്യക്തമാക്കണം. ഒപ്പം തന്നെ ഈ സേവനം, അല്ലെങ്കില്‍ ഉത്പന്നം അത് പ്രമോട്ട് ചെയ്യുന്ന വ്ളോഗറോ, സെലബ്രൈറ്റിയോ ഉപയോഗിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.

വ്ലോ​ഗർമാര്‍ സെലിബ്രിറ്റികള്‍ എന്തിന് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ ഈ മാര്‍ഗ്ഗനിര്‍ദേശത്തിന് കീഴില്‍ വരും. ഇതിനൊപ്പം മാര്‍ഗ്ഗനിര്‍ദേശം തുടര്‍ച്ചയായി ലംഘിച്ചാല്‍ ഇത്തരം പ്രമോഷനുകള്‍ ചെയ്യുന്നതില്‍ നിന്നും ഇവരെ 3 കൊല്ലം വിലക്കാനും മാര്‍ഗ്ഗനിര്‍ദേശത്തിലുണ്ട്.

സിനിമതാരങ്ങള്‍ അടക്കം വിവിധ ബ്രാന്‍റുകള്‍ക്ക് വേണ്ടി നടത്തുന്ന പ്രമോഷന്‍ പരിപാടികള്‍ പണം വാങ്ങിയിട്ടാണെങ്കില്‍ അത് വ്യക്തമാക്കണം. അതേ സമയം സിനിമ റിവ്യൂ പോലുള്ളവയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദേശം ബാധകമല്ല. അതേ സമയം പ്രമോട്ട് ചെയ്യുന്ന വ്യക്തിക്ക് ഉടമസ്ഥ അവകാശം, അല്ലെങ്കില്‍ ഓഹരിയുള്ള കമ്പനിയുടെ ഉത്പന്നം അല്ലെങ്കില്‍ സേവനമാണ് പ്രമോട്ട് ചെയ്യുന്നെങ്കിലും മാര്‍ഗ്ഗനിര്‍ദേശം ബാധകമാണ്.

പ്രമോട്ട് ചെയ്യുന്ന വ്യക്തിയുടെ പ്രതിഫലം എന്നത്. പണമായി പ്രമോട്ട് ചെയ്യപ്പെടുന്ന കമ്പനിയില്‍ നിന്നും സ്വീകരിക്കുന്നതോ, സമ്മാനമോ, അവാര്‍ഡോ എന്തും ആകാം എന്നാണ് ചട്ടം പറയുന്നത്. ഇത്തരത്തില്‍ പ്രമോഷന്‍ വീഡിയോയുടെ ആദ്യം തന്നെ പ്രതിഫലം പറ്റിയാണ് ഈ വീഡിയോ എന്ന് വ്യക്തമാക്കണമെന്ന് മാര്‍ഗ്ഗനിര്‍ദേശം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here