ഇന്ത്യയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പി ഐ ബി ഫാക്റ്റ് ചെക്ക് യൂണിറ്റ് (FCU) കണ്ടെത്തി നടപടി സ്വീകരിച്ചു. ഈ ചാനലുകള്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളുടെ ആറ് വ്യത്യസ്ത ട്വിറ്റര്‍ ത്രെഡുകള്‍, ഫാക്റ്റ് ചെക്ക് യൂണിറ്റ് വെളിവാക്കിയിട്ടുണ്ട്. നൂറിലധികം വസ്തുതകളാണ് ഇതുമായി ബന്ധപ്പെട്ട് ഫാക്റ്റ് ചെക്ക് യൂണിറ്റ് പരിശോധിച്ചത് . അതിന് ശേഷമായിരുന്നു ഇവക്കെതിരെ നടപടി സ്വീകരിച്ചത്. ഏകദേശം 20 ലക്ഷം വരിക്കാര്‍ ഉണ്ടായിരുന്ന ഈ ആറ് യൂട്യൂബ് ചാനലുകളിലെ വീഡിയോകള്‍ക്ക് എല്ലാം കൂടി 51 കോടിയിലധികം കാഴ്ചക്കാരാണ് ഇതുവരെ ഉള്ളത്.
നേഷന്‍ ടിവി (5.57 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരും 21,09,87,523 കാഴ്ചക്കാരും )
സംവാദ് ടിവി – (10.9 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരും 17,31,51,998 കാഴ്ചക്കാരും)
സരോകാര്‍ ഭാരത് – (21.1 ആയിരം സബ്‌സ്‌ക്രൈബര്‍മാരും 45,00,971 കാഴ്ചക്കാരും)
നേഷന്‍ 24 – (25.4 ആയിരം സബ്‌സ്‌ക്രൈബര്‍മാരും 43,37,729 കാഴ്ചക്കാരും)
സ്വര്‍ണിം ഭാരത് – (6.07 ആയിരം സബ്‌സ്‌ക്രൈബര്‍മാരും 10,13,013 കഴ്്ചക്കാരും)
സംവാദ് സമാചാര്‍ – (3.48 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരും 11,93,05,103 കാഴ്ചക്കാരും)
ഈ ആറ് ചാനലുകള്‍ക്കുമായി മൊത്തം 20.47 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരും 51,32,96,337 കാഴ്ചക്കാരുമാണ് ഉള്ളതെന്നും വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.
തിരഞ്ഞെടുപ്പുകള്‍, സുപ്രിം കോടതിയിലെയും പാര്‍ലമെന്റിലെയും നടപടികള്‍ , കേന്ദ്രസര്‍ക്കാര്‍ എന്നിവയക്കറിച്ചെല്ലാം തികച്ചും തെറ്റായ വാര്‍ത്തകള്‍ ഈ യു റ്റിയൂബ് ചാനലുകള്‍ വഴി പ്രചരിപ്പിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നിരോധനം സംബന്ധിച്ച തെറ്റായ അവകാശവാദങ്ങളും, രാഷ്ട്രപതി, പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ നടത്തി എന്ന് പറയപ്പെടുന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനകളും ഇതില്‍ ഉള്‍പ്പെടുന്നു.
വ്യാജ വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിച്ച് പണം സമ്പാദിക്കാനായി പ്രവര്‍ത്തിക്കുകയാണ് ഈ ചാനലുകളെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.വീഡിയോകളില്‍ നിന്ന് ധനസമ്പാദനം നടത്താനായി പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതിനുമായി ഈ യുട്യൂബ് ചാനലുകള്‍, ടിവി ചാനലുകളുടെ വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും വ്യാജവും ക്ലിക്ക് ബെയ്റ്റും വൈകാരികവുമായ തമ്പ്‌നെയിലുകളും ഉപയോഗിക്കുന്നതായും കണ്ടെത്തി. പി ഐ ബി ഫാക്ട് ചെക്കിന്റെ ഇത്തരം രണ്ടാമത്തെ നടപടിയാണിത്. നേരത്തെ 2022 ഡിസംബര്‍ 20 ന് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്ന് ചാനലുകളെ ഈ യൂണിറ്റ് കണ്ടെത്തിയിരുന്നു.