ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വ്യാജബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ദ്വാരക സ്വദേശി അഭിനവ് പ്രകാശിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് എയർവേയ്സിന്റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്റാണ് അറസ്റ്റിലായ അഭിനവ്. വിമാനത്തിൽ യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്ക് കാമുകിമാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു വ്യാജബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു.
അഭിനവിന്‍റെ സുഹൃത്തുക്കളായ ബണ്ടി എന്ന രാകേഷും കുനാൽ സെഹ്രാവത്തും അടുത്തിടെ മണാലിയിൽ പോകുകയും അവിടെ വച്ച് രണ്ട് യുവതിയുമായി സൗഹൃദത്തിലാകുകയും ചെയ്തു. രണ്ട് പെൺകുട്ടികളും സ്പൈസ്ജെറ്റ് വിമാനത്തിൽ പൂനെയിലേക്ക് പോകുകയായിരുന്നു. സുഹൃത്തുക്കൾക്ക് ഈ പെൺകുട്ടികൾക്കൊപ്പം കൂടുതൽ സമയം ആഗ്രഹിക്കുന്നെന്ന് പ്രതിയായ അഭിനവിനോട് പറഞ്ഞു. അവർ യാത്ര ചെയ്യുന്ന വിമാനം വൈകിപ്പിക്കാൻ വേണ്ടി തന്നോട് ആവശ്യപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു വ്യാജഫോൺകോൾ ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
പ്രതി സ്വന്തം മൊബൈൽ ഫോണിൽ നിന്നാണ് സ്പൈസ്ജെറ്റ് എയർലൈൻ കസ്റ്റമർ കെയർ ഫോൺ നമ്പറിൽ വിളിച്ച് വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞത്. അതേസമയം, അഭിനവിന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് മറ്റു രണ്ടു സുഹൃത്തുക്കൾ ഒളിവിൽ പോയതായും ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ഏഴുമാസം മുമ്പാണ് ബ്രിട്ടീഷ് എയർവേഴ്‌സിലെ ട്രെയിനിയായി അഭിനവ് പ്രകാശ് ജോലിയിൽ പ്രവേശിച്ചത്.