ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലെത്താന്‍ 1 മണിക്കൂര്‍ 10 മിനിറ്റ്; 10 വരി അതിവേഗ പാത ഒരുങ്ങി

0
256

ബെംഗളൂരു: മൈസൂരു-ബെംഗളൂരു 10 വരി പാത ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയുടെ (എൻഎച്ച് 275) നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ 1 മണിക്കൂർ 10 മിനിറ്റ് മതിയാകുമെന്ന് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെത്താന്‍ നിലവില്‍ 3 മുതല്‍ 4 മണിക്കൂര്‍ വേണ്ടി വരും. അതിവേഗ പാത തുറക്കുന്നതോടെ ഈ സമയദൈര്‍ഘ്യം കുറയുകയും യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ലഭിക്കുകയും ചെയ്യും. 8453 കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്. 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സർവീസ് റോഡുമാണ് നിർമിച്ചിട്ടുള്ളത്. 9 പ്രധാന പാലങ്ങളും 44 കലുങ്കുകളും 4 റെയിൽവേ മേൽപാലങ്ങളും പുതുതായി പണിതു. സുരക്ഷയുടെ ഭാഗമായി ഇന്‍റലിജന്‍റ് ട്രാൻസ്പോർട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദേശീയപാതയ്ക്ക് ഇരുവശവും പുതിയ സാറ്റലൈറ്റ് നഗരങ്ങൾ ഉയർന്നു വരുമെന്നും ഗഡ്കരി പറഞ്ഞു.

പാതയില്‍ ടോള്‍ പിരിവും ഉടന്‍ തുടങ്ങും. രാമനഗരയിലെ ബിഡദിയിലും മാണ്ഡ്യയിലെ ശ്രീംഗപട്ടണയിലുമാണ് ടോള്‍ ബൂത്തുകള്‍. ടോള്‍ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം ദേശീയപാത അതോറിറ്റി പുറത്തുവിട്ടിട്ടില്ല. 10 വരി പാത കേരളത്തിനു ഗുണകരമാകും. മലബാര്‍ മേഖലയിലുള്ളവര്‍ക്ക് യാത്രാ സമയം കുറയുന്നതിനു പുറമെ ഇന്ധന ലാഭവമുണ്ടാകും. കൊല്ലേഗൽ–കോഴിക്കോട് ദേശീയപാത, മൈസൂരു–ഗൂഡല്ലൂർ ദേശീയപാത എന്നിവിടങ്ങളിലേക്കും ബെംഗളൂരു–മൈസൂരു പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കും.

അതിനിടെ ബെംഗളൂരു-മൈസൂരു ദേശീയപാതക്ക് പേരിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി. പാതയ്ക്ക് മൈസൂര്‍ രാജാവായിരുന്ന നാല്‍വാടി കൃഷ്ണരാജ വോഡയാറിന്‍റെ പേര് നല്‍കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണ കേന്ദ്ര ഗതാഗതമന്ത്രിയെ സമീപിച്ചു. പാതയ്ക്ക് കാവേരി എക്സ്പ്രസ് എന്ന പേരു നല്‍കണമെന്ന ആവശ്യവുമായി മൈസൂര്‍ എം.പി പ്രതാപ് സിംഹയും രംഗത്തുണ്ട്.

നിങ്ങളുടെ ഗ്രൂപ്പിൽ മീഡിയവിഷൻ വാർത്തകൾ ലഭിക്കാൻ +919895046567 ഈ നമ്പർ ആഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here