കർണാടകയിലെ മംഗളൂരു കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയ്ക്ക് സമീപം മുസ്ലീം വ്യാപാരികൾ കച്ചവടം നടത്തുന്നത് വിലക്കി ബാനറുകൾ. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15ന് ആരംഭിച്ച മേള 21ന് സമാപിക്കും.
കുക്കർ സ്‌ഫോടനത്തെ പരാമർശിക്കുന്നതും കേസിലെ പ്രതികളുടെ പ്രാഥമിക ലക്ഷ്യം കദ്രി മഞ്ജുനാഥ ക്ഷേത്രമാണെന്നും ആരോപിച്ച് വലതുപക്ഷ സംഘടനകൾ സ്ഥാപിച്ച ബാനറുകൾ വ്യാഴാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. അത്തരം ചിന്താഗതിയുള്ള ആളുകൾക്കും വിഗ്രഹാരാധനയെ എതിർക്കുന്നവർക്കും ആരാധനാലയത്തിന് സമീപമുള്ള മേളയിൽ കച്ചവടത്തിലും വ്യാപാരത്തിലും ഏർപ്പെടാൻ കഴിയില്ലെന്നും ബാനറിൽ പറയുന്നു.
ഹിന്ദു മതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര മേളയുടെ പരിസരത്ത് സ്ഥാപിച്ച ബാനർ ക്ഷേത്ര ഭരണസമിതിയുടെ അംഗീകാരത്തോടെയല്ല സ്ഥാപിച്ചതെന്നും ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.