കലോത്സവത്തില്‍ മാംസാഹാരവും ഉള്‍പ്പെടുത്തും, ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്, വിവാദത്തിനു പിന്നില്‍ അസൂയയും കുശുമ്പും: മന്ത്രി വി. ശിവന്‍കുട്ടി

0
216

അടുത്ത കലോത്സവം മുതല്‍ മാംസാഹാരവും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മാംസാഹാരം നല്‍കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുകളൊന്നുമില്ല. വിവാദത്തിനുകാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണ്. ഇത്തവണ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. എന്നാല്‍ അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകും. ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.

60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നത്. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണ്. കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീക പ്രശങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും പഴയിടം മോഹനന്‍ നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നതെന്നും വിവാദങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പഴയിടം മോഹനന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here