‘തലേന്ന് വാങ്ങിയ കുഴിമന്തി അഞ്ജുശ്രീ പിറ്റേന്നും കഴിച്ചു’; വെളിപ്പെടുത്തലുമായി സഹോദരി

0
372

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 31നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് അഞ്ജുശ്രീയും സുഹൃത്തുക്കളും ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചത്. ഇതേഭക്ഷണം അഞ്ജുശ്രീ പിറ്റേന്നും കഴിച്ചതായി സഹോദരി അനുശ്രീ വെളിപ്പെടുത്തി. താനുൾപ്പെടെ നാലുപേർ ഭക്ഷണം കഴിച്ചതായും ഇതിൽ രണ്ടുപേർക്ക് ഛർദിയും വയറുവേദനയും ഉണ്ടായെന്നും അനുശ്രീ പറഞ്ഞു.

ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഞ്ജുശ്രീ വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ രാവിലെ കുട്ടിയ്ക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണപ്പെടുകയായിരുന്നു.അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ചവർക്കും ഭക്ഷ്യവിഷബാധയേറ്റു. അവർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു അറിയിച്ചിരുന്നു.

സംഭവത്തിൽ അൽ റൊമൻസിയ ഹോട്ടൽ ഉടമയടക്കം മൂന്നുപേർ കസ്റ്റഡിയിലായിരുന്നു. ഹോട്ടൽ ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടി സീൽ ചെയ്യുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്നാണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി എം ഒ ഡോ രാംദാസ് പറഞ്ഞു. മംഗലാപുരത്തെ ആശുപത്രി റിപ്പോർട്ടിൽ നിന്ന് അതാണ് മനസിലാക്കുന്നത്. പരിയാരത്തെ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥിരീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here