അഞ്ജുശ്രീയുടെ മരണം യുവാവ് മരിച്ചതിന്റെ നാൽപ്പത്തിയൊന്നാം ദിനം, പെൺകുട്ടിയുടെ മരണത്തിന് പിന്നിലെന്ത്? കത്തിലെ വിവരങ്ങൾ പുറത്ത്‌

0
313

കാസർകോട്: കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. ശരീരത്തിൽ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽലാബിലേക്ക് അയച്ചു. ഇതിന്റെ റിപ്പോർട്ട് കിട്ടുന്നതോടെ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന, വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് മേൽപറമ്പ് പൊലീസ് കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മാനസിക സമ്മർദ്ദം കാരണം പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, താൻ എല്ലാവരോടും യാത്ര പറയുകയാണ് എന്നാണ് കുറിപ്പിലുള്ളത്.

അഞ്ജുശ്രീയുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് എവിടെ നിന്ന് വാങ്ങിയെന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് ഇതിന്റെ പാക്കറ്റ് കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല. അതേസമയം, അഞ്ജുശ്രീയുടെ മരണത്തിന് കാരണമായ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും ദുരൂഹത അകറ്റണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.

അഞ്ജുശ്രീയുടെ സുഹൃത്തായ ചട്ടഞ്ചാൽ സ്വദേശിയും ബേക്കറി ജീവനക്കാരനുമായിരുന്ന യുവാവ് ഒന്നരമാസം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇയാളുമായി രണ്ടുവർഷമായി അഞ്ജുശ്രീ പ്രണയത്തിലായിരുന്നു എന്ന് സൂചനയുണ്ട്. യുവാവ് മരിച്ചതിന്റെ 41ാം ദിവസമാണ് അഞ്ജുശ്രീ മരിച്ചത്. ഇയാളുടെ മരണത്തെ തുടർന്നുണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മംഗളൂരുവിൽ ചികിത്സയിലായിരുന്ന ഇയാളെ കാണാൻ അഞ്ജുശ്രീ പോയിരുന്നു. അഞ്ജുവിന്റെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന ആരോപണത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഹോട്ടൽ ഉടമയെയും ജോലിക്കാരെയും പൊലീസ് വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here