കാസര്‍കോട്ടെ അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത് ഭക്ഷ്യവിഷബാധയ കാരണമല്ല വിഷം ഉള്ളില്‍ ചെന്നാണ് എന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. ഇന്നലെ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുത്തു.
വിഷം എങ്ങനെ ഉള്ളില്‍ ചെന്നു, എന്താണ് കാരണം? തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ആന്തരിക അവയവങ്ങളുടെ കെമിക്കല്‍ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഈ ഫലം വന്നതിന് ശേഷം കുടൂതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ പ്രവര്‍ത്തന രഹിതമായത് മരണ കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിഷ സാന്നിധ്യമുള്ളതിനാലാണ് കരള്‍ പ്രവര്‍ത്തന രഹിതമായത്. ഈ വിഷാംശം കണ്ടെത്തിയെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമൈറിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നതെന്ന് തിരിച്ചറിയാന്‍ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.