അനിലിനെതിരെ നടപടി കൂടിയേ തീരൂവെന്ന് നേതാക്കൾ, പ്രതിച്ഛായ നഷ്ടപ്പെട്ട് എകെ ആന്റണിയും

0
207

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അനിൽ ആൻറണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ. ബിബിസി ഡോക്യുമെൻററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളി. പ്രതികരിക്കാതെ ഒഴിഞ്ഞെങ്കിലും അനിൽ വിവാദം എകെ ആൻറണിയുടെ പ്രതിച്ഛായക്ക് പോലും മങ്ങലേൽപ്പിച്ചു.

ബിബിസി ഡോക്യുമെൻററി ഉയർത്തി ദേശീയ – സംസ്ഥാന തലത്തിൽ ബിജെപിയെ നേരിടുന്നതിനിടെയാണ് അനിൽ ആൻറണിയുടെ നിലപാട് കോൺഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയത്. അനിലിൻറെ ബിജെപി അനുകൂല ട്വീറ്റ് ദേശീയ തലത്തിൽ ചർച്ചയായതോടെ ആൻറണിയുടെ മകനാണെന്നൊന്നും നേതാക്കൾ നോക്കിയില്ല. ഇന്നലെ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ അനിലിനെതിരെ പരസ്യ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വരെ തള്ളിപ്പറഞ്ഞിട്ടും അനിൽ നിലപാടിൽ ഉറച്ചു നിന്നതോടെ നേതാക്കൾ കൂടുതൽ അതൃപ്തിയോടെ രംഗത്ത് വന്നു. നടപടി കൂടിയേ തീരൂവെന്ന് നേതാക്കൾ നിലപാട് ശക്തമാക്കുന്നതിനിടെയാണ് എല്ലാ സ്ഥാനങ്ങളും അനിൽ ആന്റണി രാജിവെച്ചത്.

അനിൽ രാജിവെച്ചതോടെ തത്കാലത്തേക്ക് കൂടുതൽ പരിക്കേൽക്കാതെ വിവാദത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി. എന്നാൽ അനിൽ ആന്റണിക്കെതിരെ രാജി പോരെന്നും ശക്തമായ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും റിജിൽ മാക്കുറ്റിയുമെല്ലാം ആവശ്യപ്പെടുന്നു. അനിലിൻറെ നിയമന സമയത്ത് യൂത്ത് കോൺഗ്രസ്സിൽ കടുത്ത അമർഷമുണ്ടായിരുന്നു. എകെ ആൻറണി ദില്ലിയിൽ കരുത്തനായതിനാൽ നേതാക്കൾ എതിർപ്പുകൾ ഉള്ളിലൊതുക്കുകയായിരുന്നു. എകെ ആന്റണി ദില്ലിവിട്ട് കേരളത്തിലേക്ക് മടങ്ങിയതോടെയാണ് അനിലിനെതിരെ കൂട്ടത്തോടെ എല്ലാവരും നിലപാട് കടുപ്പിച്ചത്.

സുപ്രീം കോടതി വിധിയോടെ ഗുജറാത്ത് കലാപവിവാദം അടഞ്ഞ അധ്യായമെന്ന നിലപാടെടുത്ത ശശി തരൂരും അനിലിനെതിരെ നിലപാടെടുത്തു. അനിലിൻറെ വാദങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. അനിലിന് മാത്രമല്ല വിവാദം ദോഷമുണ്ടാക്കിയത്. എന്നും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തുന്ന എകെ ആൻറണിക്കും മകൻറെ ബിജെപി അനുകൂല നിലപാട് വഴി പ്രതിച്ഛായ നഷ്ടമുണ്ടായി. ഇനി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിവെച്ച് അനിൽ ആന്റണി ബിജെപിയോട് അടുത്താൽ അത് അദ്ദേഹത്തിന്റെ അച്ഛൻ എകെ ആൻണിക്കും കോൺഗ്രസിനും വൻ പ്രഹരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here