എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മറ്റൊരു യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി സിവിയല്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍. യാത്രക്കാരിയിടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകി എന്നാരോപിച്ചാണ് ഈ പിഴ. വിമാനസര്‍വ്വീസുകളുടെ ചുമതലയുള്ള എയര്‍ ഇന്ത്യ ഡയറക്ടര്‍ വസുധചന്ദ്രക്ക് മൂന്നു ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. അതോടൊപ്പം വിമാനത്തിന്റെ പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
നവംബര്‍ 26 നാണ് ന്യുയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുളള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 72 കാരിയുടെ മേല്‍ മദ്യലഹരിയില്‍ ശങ്കര്‍മിശ്ര എന്ന യാത്രക്കാരന്‍ മൂത്രമൊഴിച്ചത്. തന്റെ വസ്ത്രവും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഇക്കാര്യം താന്‍ വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലന്നും വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ മൂത്രമൊഴിച്ചയാള്‍ ഇറങ്ങിപ്പോയെന്നും യാത്രക്കാരി പറഞ്ഞു. ഇതേ തുടര്‍ന്ന് ഇവര്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കുകയായിരുന്നു.
സംഭവം വിവാദമായതോടെ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര ഒളിവില്‍ പോയിരുന്നു. പിന്നീട് ഇയാളെ ബംഗ്‌ളുരുവില്‍ നിന്നാണ് പിടികൂടിയത്. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് തന്റെ ജോലിയും നഷ്ടപ്പെട്ടിരുന്നു എയര്‍ ഇന്ത്യ ശ്ങ്കര്‍ മിശ്രക്ക് നാല് മാസത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തി.