മുംബൈ: ഓഹരിമൂല്യം പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫോറൻസിക് ഗവേഷണ സ്ഥാപനം ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനു പിന്നാലെ, ഓഹരി വിപണിയിൽ കനത്ത ആഘാതം നേരിട്ട് അദാനി ഗ്രൂപ്പ്. രണ്ടു ദിവസത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് നാലു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചു പോയത്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി വിൽമർ, അദാനി പവർ, അംബുജ സിമന്റ്, എസിസി, അദാനി ടാൻസ്‌പോർട്ടേഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ, എൻഡിടിവി എന്നിവയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ. ഇതിൽ അദാനി ടോട്ടലിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 1.6 ലക്ഷം കോടി രൂപയാണ് ടോട്ടല്‍ ഗ്യാസിന്‍റെ മൂല്യത്തിൽനിന്ന് നഷ്ടമായത്. അദാനി ട്രാൻസ്‌പോട്ടേഷന്റെ വിപണിമൂല്യത്തിൽ നിന്ന് 83,000 കോടിയും ഗ്രീനിന്റെ മൂല്യത്തിൽനിന്ന് 68,000 കോടിയും നഷ്ടമായി. അദാനി എന്റർപ്രൈസസ് 63,000 കോടി പോർട്‌സ് 41,000 കോടി, വിൽമർ 7000 കോടി, പവർ 10300 കോടി, അംബുജ സിമെന്റ്‌സ് 31,000 കോടി, എസിസി 11,200 കോടി, എൻഡിടിവി 1,800 കോടി എന്നിങ്ങനെയാണ് രണ്ടു ദിവസത്തിനിടെ മറ്റു കമ്പനികളുടെ നഷ്ടമെന്ന് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ടു ചെയ്യുന്നു.
വെള്ളിയാഴ്ച ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് അംബുജ സിമന്റ്‌സിനാണ്. 24.99 ശതമാനം മൂല്യമിടിവാണ് കമ്പനി നേരിട്ടത്. അദാനി ടോട്ടൽ ഗ്യാസ്, അദാനി പോർട്‌സ്, ഗ്രീൻ എനർജി എന്നിവയ്‌ക്കെല്ലാം 20 ശതമാനത്തിൽ കൂടുതൽ ഇടിവു നേരിട്ടു. ഉച്ച വരെ 19.49 ശതമാനം ഇടിവാണ് എസിസിക്കുണ്ടായത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന വ്യാഴാഴ്ച 85000 കോടി രൂപയാണ് വിപണി മൂല്യത്തില്‍നിന്ന് അദാനി ഗ്രൂപ്പിന് നഷ്ടമായിരുന്നത്. ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് അദാനി ഓഹരികളുടെ വ്യാപാരം നടക്കുന്നത് എന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിച്ചിരുന്നത്. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി അറിയിച്ചിരുന്നു.
Great response, especially the last sentence. https://t.co/MHs65Na96c
— Herb Greenberg (@herbgreenberg) January 26, 2023