നെല്ലൂര്‍: വിഷ പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. 32 വയസുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢിയാണ് മരണപ്പെട്ടത്. പ്രകാശം ജില്ലയിലെ തല്ലൂർ മണ്ഡലത്തിലെ ബോഡിക്കുറപ്പാട് ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ അംഗമായ യുവാവ് നെല്ലൂരിലെ കണ്ടുകൂർ ടൗൺ പരിധിയിൽ കോവൂർ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഒരു പാമ്പാട്ടി മണികണ്ഠ റെഡ്ഢിയുടെ ജ്യൂസ് കടയിലെത്തി. തന്‍റെ കൈവശം പാമ്പുകളുണ്ടെന്നും അവ നിരുപദ്രവകരമാണെന്നും പാമ്പാട്ടി യുവാവിനോട് പറഞ്ഞു. ഇതോടെ പാമ്പിനൊപ്പം സെല്‍ഫിയെടുക്കാൻ അനുവദിക്കണമെന്ന് മണികണ്ഠ പാമ്പാട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്‍റെ കഴുത്തില്‍ പാമ്പിനെ ചുറ്റിയാണ് മണികണ്ഠ സെല്‍ഫിയെടുത്തത്. പക്ഷേ പാമ്പിനെ ശരീരത്തിൽ നിന്ന് എടുക്കുന്നതിന് ഇടയില്‍ കൈയില്‍ കടിയേല്‍ക്കുകയായിരുന്നുവെന്ന് ദി ന്യൂസ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പാമ്പിനെ മണികണ്ഠയും പാമ്പാട്ടിയുടെ ചേര്‍ന്ന് പിടികൂടുകയും ചെയ്തു. കൈയില്‍ കടിയേറ്റതിനെ കുറിച്ച് മണികണ്ഠ പാമ്പാട്ടിയോട് പറഞ്ഞെങ്കിലും പേടിക്കാനില്ലെന്നും വിഷമില്ലാത്ത പാമ്പാണെന്നുമാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് നാട്ടുകാർ മണികണ്ഠ ഓങ്ങല്ലൂർ സർക്കാർ ജനറൽ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ബുധനാഴ്ച പുലർച്ചെയോടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം യാത്രക്കിടയില്‍ കുരങ്ങ് കൂട്ടത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ഉള്ള യുവാവിന്‍റെ ശ്രമവും മരണത്തില്‍ കലാശിച്ചിരുന്നു. കുരങ്ങുകള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ഏറെ സാഹസപ്പെട്ട് മലമുകളില്‍ കയറുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കാല്‍ തെറ്റി 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണത്. അബ്ദുല്‍ ഷെയ്ഖ് എന്നയാളാണ് മരണപ്പെട്ടത്. രണ്ട് മാസം മുമ്പ് കര്‍ണാടകയിലെ ബെലഗാവിക്ക് സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ടിരുന്നു. നാല് പെണ്‍കുട്ടികളും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.