കമല്‍ഹാസന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിലേക്ക്?; സഖ്യത്തിന് നല്ലതെന്ന നിലപാടില്‍ ഡിഎംകെ

0
175

ചെന്നൈ: കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നതും രാഹുല്‍ ഗാന്ധിയുമായി ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തെ തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന മതേതര സഖ്യത്തിലേക്ക് നയിക്കുന്നു. മാറ്റം കൊണ്ടുവരാനുള്ള നേതാവെന്ന് പ്രഖ്യാപിച്ച് 2018ലാണ് കമല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഡിസംബര്‍ 24നാണ് കമല്‍ യാത്രയുടെ ഭാഗമായത്. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

‘2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ കമല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ ഡിഎംകെ സഖ്യത്തിന്റെ പ്രധാന ഭാഗമായതിനാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായിരുന്നില്ല. ഇപ്പോള്‍, എങ്ങനെയാണ് രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായെന്നാണ് ഞങ്ങള്‍ കരുതുന്നത്’, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന് ഒരു നേട്ടവും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കമല്‍ തന്നെ പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം നിരവധി തിരിച്ചടികളാണ് കമല്‍ഹാസനും പാര്‍ട്ടിക്കും സംഭവിച്ചത്. വിശ്വസ്ഥരായിരുന്ന സന്തോഷ് ബാബു, ആര്‍ മഹേന്ദ്രന്‍, സികെ കുമരവേല്‍ എന്നിവര്‍ പാര്‍ട്ടി വിട്ടുപോയി. പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടനം മോശമായിരുന്നു. പിന്നീട് പ്രധാന പ്രക്ഷോഭങ്ങളിലൊന്നും കമലിനെ കണ്ടിരുന്നില്ല. ഡിഎംകെ സഖ്യത്തിലെത്തി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എംഎന്‍എമ്മിന് രാഷ്ട്രീയ പ്രാധാന്യം തിരിച്ചു പിടിക്കാന്‍ കഴിയും.

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് മാത്രമല്ല ഡിഎംകെയും ആഗ്രഹിച്ചിരുന്നുവെന്ന് മറ്റൊരു നേതാവ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചത് സഖ്യ സാധ്യതകള്‍ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലെ കമലിന്റെ പങ്കാളിത്തം തെരഞ്ഞെടുപ്പ് സഖ്യത്തിലെത്താനുള്ള സാധ്യത 50-50 ആണെന്ന് എംഎന്‍എം വൃത്തങ്ങള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ യാത്രയില്‍ പങ്കെടുത്തത് ഇന്ത്യയെ ഒരുമിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

തങ്ങള്‍ക്ക് കമല്‍ഹാസന്റെ എംഎന്‍എമ്മിനോടൊപ്പം ചേരുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ഒരു ഡിഎംകെ നേതാവ് പറഞ്ഞു. കമലിനോടൊപ്പം മൂന്ന് ശതമാനത്തിലധികം വോട്ടര്‍മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘2021ല്‍ എംഎന്‍എമ്മിനെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നിര്‍ദേശങ്ങളുണ്ടായിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല. 2024 തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ, മോദി വിരുദ്ധ ആശയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സഖ്യത്തിനൊരു മുതല്‍കൂട്ടായിരിക്കും കമല്‍ഹാസന്‍’, ഡിഎംകെ നേതാവ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here