‘എനിക്ക് കാന്‍സറാണ്, ഇക്കാര്യം മാതാപിതാക്കളോട് പറയരുത്, അവർക്കത് താങ്ങാനാകില്ല….’; അപേക്ഷയുമായി ആറുവയസുകാരന്‍, ഹൃദയസ്പർശിയായ കഥ പങ്കുവെച്ച് ഡോക്ടർ

0
242

ഹൈദരാബാദ്: അർബുദബാധിതനായ ആറുവയസുകാരൻ തന്നോട് നടത്തിയ അസാധാരണ അഭ്യർഥനയുടെ ഹൃദയ്പർശിയായ കഥ പങ്കുവെച്ച് ഡോക്ടർ. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. താൻ കാൻസർ ബാധിതനാണെന്ന കാര്യം മാതാപിതാക്കളോട് പറയരുതെന്നാണ് ആറുവയസുകാരൻ തന്നോട് അഭ്യർഥിച്ചതെന്ന് ഡോക്ടർ പറയുന്നു.

ഒപിയിൽ അന്നും തിരക്കേറിയ ദിവസമായിരുന്നു. അപ്പോഴാണ് യുവദമ്പതികൾ തന്റെ മുറിയിലേക്ക് കടന്നുവന്നത്. അവരുടെ മകൻ മനുവിന് കാൻസറാണ്.

‘മനു പുറത്തിരിക്കുകയാണ്. അവനോട് ഞങ്ങൾക്ക് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടറും ഇക്കാര്യം പറയരുത്’. ആ മാതാപിതാക്കൾ അഭ്യർഥിച്ചു.

മാതാപിതാക്കളുടെ അഭ്യർഥന അംഗീകരിച്ച താൻ അവരുടെ മകൻ മനുവിനെ കണ്ടു. വീൽചെയറിലിരിക്കുകയായിരുന്ന അവന്റെ മുഖത്ത് ആത്മവിശ്വാസം കാണാമായിരുന്നു. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചപ്പോൾ മനുവിന് തലച്ചോറിന്റെ ഇടതുവശത്ത് ഗ്ലിയോബ്ലാസ്റ്റോമ മൾട്ടിഫോർം ഗ്രേഡ് 4 ആണെന്ന് കണ്ടെത്തിയിരുന്നു. മസ്തിഷ്‌ക കാൻസർ സ്ഥിരീകരിച്ചതോടെ വലതു കൈയ്ക്കും കാലിനും പക്ഷാഘാതം സംഭവിച്ചു. തുടർന്ന് ഓപ്പറേഷനും കീമോതെറാപ്പിയിലുമായിരുന്നു കുട്ടി. മനുവിന്റെ ചികിത്സയെക്കുറിച്ച് ഡോക്ടർ മാതാപിതാക്കളുമായി ചർച്ച ചെയ്യുകയും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.

അവര്‍ പോകാനൊരുങ്ങിയപ്പോൾ ഡോക്ടറോട് തനിച്ച് സംസാരിക്കണമെന്ന് മനു ആവശ്യപ്പെട്ടു. മാതാപിതാക്കൾ മുറിക്ക് പുറത്തേക്ക് പോയ ശേഷം അവൻ അടുത്തേക്ക് വന്നു.

‘ഡോക്ടർ ഞാനീ രോഗത്തെക്കുറിച്ച് ഐപാഡിൽ എല്ലാം വായിച്ചിട്ടുണ്ട്, ഇനി 6 മാസം കൂടി മാത്രമേ ജീവിക്കാനാവൂ എന്ന് എനിക്കറിയാം, പക്ഷേ ഇക്കാര്യം മാതാപിതാക്കളുമായി പങ്കുവെച്ചിട്ടില്ല. അവർക്കത് താങ്ങാനാവില്ല…അവർ എന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്… ദയവായി അവരോട് ഇക്കാര്യം പങ്കുവെക്കരുത്….’

അവന്റെ വാക്കുകൾ കേട്ട് താൻ ഞെട്ടിപ്പോയെന്നും കുറച്ച് നേരത്തേക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഡോക്ടർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

പക്ഷേ ആ കുരുന്നിനെ താൻ ചേർത്തുപിടിച്ചു. അവൻ ആവശ്യപ്പെട്ടതു പോലെ ഇക്കാര്യം മാതാപിതാക്കളോട് പറയില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ മനുവിന്റെ മാതാപിക്കളോട് അവൻ പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ചു. ‘എത്ര സമയം ബാക്കിയുണ്ടെങ്കിലും, ആ കുടുംബം ഒരുമിച്ച് ആസ്വദിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അതിലുപരിയായി, മനുവിന് തന്റെ രോഗത്തെക്കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ അവന് കൊടുത്ത വാക്ക് പാലിക്കാഞ്ഞതെന്നും ഡോക്ടർ കുറിച്ചു. മകന് രോഗവിവരം അറിയാമെന്ന കാര്യം കേട്ടപ്പോൾ മാതാപിതാക്കളുടെ കണ്ണുനിറയുന്നത് തനിക്ക് കാണാമായിരുന്നു. അവർ നന്ദി പറഞ്ഞ് യാത്രയായി.

ഒമ്പതു മാസങ്ങൾക്ക് ശേഷം മനുവിന്റെ മാതാപിതാക്കൾ തന്നെ കാണാൻ വീണ്ടുമെത്തി. ‘ഡോക്ടറെ കണ്ടതിന് ശേഷം ഞങ്ങൾ മനുവിനൊപ്പം ഒരുപാട് നല്ല സമയം ചെലവഴിച്ചു. അവന് ഡിസ്‌നിലാൻഡ് സന്ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ ജോലിയിൽ നിന്ന് താൽക്കാലിക അവധിയെടുത്ത് അവനെ അതെല്ലാം കാണിച്ചുകൊടുത്തു. ഒരു മാസം മുമ്പ് ഞങ്ങൾക്ക് അവനെ നഷ്ടപ്പെട്ടു. ആ മികച്ച 8 മാസങ്ങൾ ഞങ്ങൾക്ക് നൽകിയതിന് നന്ദി പറയാനാണ് ഇന്നത്തെ സന്ദർശനം”… അവർ പറഞ്ഞു നിർത്തിയെന്നും ഡോക്ടർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here