2022-ൽ സംസ്ഥാനത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ; വിജിലൻസിന് റെക്കോർഡ്

0
178

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് കേസുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്. ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്ത വർഷമായി മാറിയിരിക്കുകയാണ് 2022. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് 47 കൈക്കൂലി കേസുകളാണ് വിജിലൻസ് പിടികൂടിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പുകളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

14 കേസുകൾ വീതമാണ് രണ്ടു വകുപ്പുകളിൽ നിന്നുമായി രജിസ്റ്റർ ചെയ്തത്. കൂടാതെ ആരോഗ്യവകുപ്പിൽ ഏഴ് കേസുകളും രജിസ്ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളും ആണുള്ളത്. ജല അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പിലും രണ്ട് കേസുകളും പോലീസ്, സിവിൽ സപ്ലൈസ്, കെഎസ്ഇബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോ കേസുകൾ വീതവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിജിലൻസ് ഡയറക്ടർ എഡിജിപി മനോജ് എബ്രഹാം പുറത്തുവിട്ട വിജിലൻസിന്റെ വാർഷിക സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ തെക്കൻ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കൻ കേരളത്തിൽ 13 കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എന്നാൽ 2021-ൽ 30 കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്.

2022-ൽ ആകട്ടെ 56 സർക്കാർ ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തുനിന്ന് തന്നെ വിജിലൻസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ഒരു വർഷം വിജിലൻസിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഓഫീസുകളിലായി നടന്നത് 1,715 റെയ്ഡുകൾ ആണ്. പ്രതിദിനം ശരാശരി 4.7 കേസുകൾ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് വിജിലൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണക്കുകളാണ്.

മോട്ടോർ വാഹനം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ഹയർസെക്കൻഡറി, ആരോഗ്യം, രജിസ്‌ട്രേഷൻ, റവന്യൂ, പൊതുമരാമത്ത്, പൊതുവിതരണം എന്നീ വകുപ്പുകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓപ്പറേഷന്‍ നിര്‍മ്മാണ്‍, ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്നീ പേരുകളിലായിരുന്നു പരിശോധന നടത്തിയിരുന്നത്. ഓപ്പറേഷന്‍ ഓവര്‍ലോഡ്, ഓപ്പറേഷന്‍ ജാസൂസ് എന്നീ പേരുകളിലായിരുന്നു മോട്ടോർ വാഹന വകുപ്പിൽ പരിശോധന.

ആരോഗ്യവകുപ്പിലെ പരിശോധനകള്‍ ഓപ്പറേഷന്‍ ഗുണവക്ത എന്ന പേരിലും പൊതു വിദ്യാഭ്യാസ വകുപ്പിലെ പരിശോധന ഓപ്പറേഷന്‍ ജ്യോതി എന്ന പേരിലുമാണ് വിജിലൻസ് നടത്തിയത്. കൂടാതെ കഴിഞ്ഞ വർഷം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടൈ ശിക്ഷാ നിരക്കിലും വർധനവുണ്ടായി.ഈ കാലയളവില്‍ 75 പേരാണ് അഴിമതി ആരോപണങ്ങളില്‍ ശിക്ഷിക്കപ്പെട്ടത്. ഇത് അഴിമതി വിരുദ്ധ ഏജൻസിയുടെ റെക്കോർഡ് നേട്ടമാണ്.

കൂടാതെ 2022ൽ 88 കേസുകളിൽ വിജിലൻസ് അന്വേഷണവും 116 കേസുകളിൽ രഹസ്യാന്വേഷണവും നടന്നു. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അതത് കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 അഴിമതിക്കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here