ലക്‌നൗ: പതിമൂന്നുവയസുകാരിയായ വിദ്യാർത്ഥിനിയ്ക്ക് പ്രണയലേഖനം നൽകി പുലുവാലുപിടിച്ച് അദ്ധ്യാപകൻ. ഉത്തർപ്രദേശ് കനൗജിലെ സർക്കാർ സ്കൂളിലെ 47 വയസുകാരനായ അദ്ധ്യാപകനാണ് എട്ടാം ക്ളാസ് വിദ്യാർത്ഥിനിയ്ക്ക് പ്രണയലേഖനം നൽകിയത്. പിന്നാലെ വിദ്യാർത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിദ്യാർത്ഥിനിയുടെ പേരെഴുതി ആരംഭിച്ച കുറിപ്പിൽ താൻ കുട്ടിയെ വളരെയേറെ സ്നേഹിക്കുന്നുണ്ടെന്ന് അദ്ധ്യാപകൻ എഴുതി. സ്കൂൾ അവധിക്കാലമാകുമ്പോൾ കുട്ടിയെ വളരെയധികം ‘മിസ്’ ചെയ്യുമെന്നും അദ്ധ്യാപകൻ പ്രണയലേഖനത്തിൽ കുറിച്ചു. അവസരം ലഭിക്കുകയാണെങ്കിൽ ഫോൺ ചെയ്യണം. അവധിയ്ക്ക് പോകുന്നതിന് മുൻപ് കാണണം. സ്നേഹമുണ്ടെങ്കിൽ കുട്ടി തീർച്ചയായും കാണാൻ വരും. എപ്പോഴും കുട്ടിയെ സ്നേഹിക്കുമെന്നും കത്ത് മറ്റാരെയും കാണിക്കരുതെന്നും വായിച്ചുകഴിഞ്ഞാൽ കീറിക്കളയണമെന്നും അദ്ധ്യാപകൻ നിർദേശിച്ചു.
എന്നാൽ കുട്ടി കത്തിനെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും പിന്നാലെ മാതാപിതാക്കൾ അദ്ധ്യാപകനെതിരെ പീഡനപരാതി നൽകുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അദ്ധ്യാപകനോട് അന്വേഷിക്കുകയും മാപ്പ് പറയാൻ നിർദേശിക്കുകയും ചെയ്തപ്പോൾ ചെവിക്കൊണ്ടില്ലെന്നും മറിച്ച് അനന്തരഫലങ്ങളെക്കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കൾ പറയുന്നു. കുട്ടിയെ ‘അപ്രത്യക്ഷയാക്കുമെന്ന്’ ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ പരാതി നൽകി.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ചെന്നും അദ്ധ്യാപകനെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. അദ്ധ്യാപകനെതിരെ കുറ്റം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ടീച്ചേഴ്‌സ് യൂണിയനും വ്യക്തമാക്കി.