ഹരിതകർമസേനയ്ക്ക് നൽകിയത് 28.52 ലക്ഷം രൂപ: കഴിഞ്ഞവർഷം നീക്കിയത് 1092.2 ടൺ അജൈവ മാലിന്യം

0
173

കാസർകോട് : ക്ലീൻ കേരള കമ്പനി വഴി ജില്ലയിൽനിന്ന്‌ പോയവർഷം 1092.2 ടൺ അജൈവ മാലിന്യം നീക്കംചെയ്തപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പാഴ്വസ്തുക്കൾ തരംതിരിച്ചെടുത്ത ഹരിതകർമസേനാംഗങ്ങൾക്ക് ലഭിച്ചത് 28.52 ലക്ഷം രൂപ. പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ മാത്രം 375 ടണ്ണാണ് നീക്കിയത്. ഗ്ലാസ് മാലിന്യം 76.69 ടണ്ണും മൾട്ടി ലെയർ പ്ളാസ്റ്റിക്‌ (എം.എൽ.പി.) മാലിന്യം 27.344 ടണ്ണും പുനരുപയോഗിക്കാൻ പറ്റാത്ത പാഴ്വസ്തുക്കൾ 606.23 ടണ്ണും നീക്കി.

തദ്ദേശ സ്ഥാപനങ്ങളുടെ എം.സി.എഫ്. കേന്ദ്രങ്ങളിൽ നിശ്ചിത ഇടവേളകളിൽ ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കളാണ് ഹരിത കർമസേന തരംതിരിച്ച് നൽകുന്നത്. തുടർന്ന് കമ്പനി ഓരോ ഇനത്തിനും മാർക്കറ്റ് വില നൽകും. ദേശീയ ഹരിത ട്രിബ്യൂണൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുനഃചംക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനി സംസ്കരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളിൽ വാതിൽപ്പടി സേവനത്തിലൂടെ ഹരിതകർമസേന ശേഖരിക്കുന്ന പാഴ്വസ്തുക്കളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. തരംതിരിച്ചവ പുനഃചംക്രമണത്തിനായി ഏജൻസിക്ക് കൈമാറും.

പുനരുപയോഗിക്കാൻ പറ്റാത്ത മാലിന്യങ്ങൾ ദേശീയ ഹരിത ട്രിബ്യൂണൽ ചട്ടപ്രകാരം സിമന്റ് ഫാക്ടറിയിലേക്കോ സയിന്റിഫിക് ലാൻഡ് ഫില്ലിലേക്കോ കൈമാറും. ഇവ കൊണ്ടുപോകുന്നത് ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളിലായതിനാൽ മാലിന്യം പ്രസ്തുത സ്ഥലത്തെത്തിയത് ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.

ആർ.ആർ.എഫ്. ഒരുവർഷത്തിനകം

ജില്ലയിൽ ശേഖരിക്കുന്ന പാഴ്വസ്തുക്കൾ പുനഃചംക്രമണം ചെയ്യാനും ബദൽ ഉത്പന്നങ്ങൾ നിർമിക്കാനും ജില്ലയിൽ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി നിർമിക്കും. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ക്ലീൻ കേരള കമ്പനിക്ക് അനുവദിച്ച തുക ചെലവഴിച്ചാണ് ആർ.ആർ.എഫ്. നിർമിക്കുന്നത്.

ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള അനന്തപുരം വ്യാവസായിക ഏരിയയിൽ ഇതിനായി ഒരേക്കർ സ്ഥലം കണ്ടെത്തി. ഹിന്ദുസ്ഥാൻ ലാറ്റക്സിനാണ് നിർമാണച്ചുമതല. ടെൻഡർ നടപടികൾ പൂർത്തിയായി.

ഒരുവർഷത്തിനകം നിർമാണം പൂർത്തീകരിച്ച് പ്രവർത്തനസജ്ജമാക്കുമെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here