മട്ടന്നൂര്‍ (കണ്ണൂര്‍): പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത് 104 കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണം. ഇത് 221 കിലോഗ്രാമോളംവരും. 315 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.
കസ്റ്റംസിനും ഡി.ആര്‍.ഐ.ക്കും പുറമേ വിമാനത്താവള പോലീസും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്താതെ പോയ സ്വര്‍ണമാണ് നാലുതവണയായി പോലീസ് പിടിച്ചത്. പ്രതിവര്‍ഷം 80 കിലോഗ്രാമോളം സ്വര്‍ണമാണ് ഇവിടെ പിടികൂടുന്നത്.
പിടികൂടിയ സ്വര്‍ണം കേന്ദ്രസര്‍ക്കാരിലേക്കാണ് പോകുന്നത്. സ്വര്‍ണം പിടികൂടി 90 ദിവസത്തിനുള്ളിലാണ് റിസര്‍വ് ബാങ്ക് വഴി കേന്ദ്രസര്‍ക്കാരിന് കൈമാറുന്നത്.പിടികൂടിയ സ്വര്‍ണം കൈമാറുംമുന്‍പ് കൊണ്ടുവന്നയാളെ രേഖാമൂലം അറിയിക്കും. അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണമായതിനാല്‍ അവര്‍ക്ക് എതിര്‍ക്കാനാകില്ല. കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സീല്‍ചെയ്ത് ഡിജിറ്റൈസേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചാണ് നല്‍കുക. കേന്ദ്രസര്‍ക്കാരിന്റെ മിന്റുകള്‍ വഴിയാണ് സ്വര്‍ണം കൈകാര്യംചെയ്യുന്നത്.