ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടി മരിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് 1.2 കോടി നഷ്ടപരിഹാരം

0
212

അബുദാബി: യുഎഇയില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടിയുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം. അബുദാബി പരമോന്നത കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയും ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരും ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ ഉണ്ടായെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

മകനെ നഷ്ടമായതു കൊണ്ട് തങ്ങള്‍ക്ക് സംഭവിച്ച മാനസിക പ്രയാസങ്ങള്‍ക്കും മറ്റ് നഷ്ടങ്ങള്‍ക്കും പകരമായി ഒന്നര കോടി ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ഗുരുതരമായ രോഗം ബാധിച്ചാണ് തങ്ങള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറി. കുട്ടിക്ക് നല്‍കേണ്ട ചികിത്സ നല്‍കുന്നതില്‍ വീഴ്ച വന്നതോടെ അത് മരണകാരണമായി മാറുകയും ചെയ്തു. തങ്ങള്‍ക്ക് പ്രായമാവുമ്പോള്‍ ഒരു മകനില്‍ നിന്ന് കിട്ടേണ്ട സഹായങ്ങളാണ് ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ഉത്തരവാദിത്തമില്ലായ്മ കാരണം നഷ്ടമായതെന്ന് രക്ഷിതാക്കള്‍ കോടതിയില്‍ വാദിച്ചു.

സംഭവം അന്വേഷിക്കാന്‍ കോടതി ഒരു മെ‍ഡിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് കുട്ടിയ്ക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്‍ചയുണ്ടായെന്ന് കണ്ടെത്തിയത്. കേസ് ആദ്യം പരിഗണിച്ച അല്‍ഐന്‍ പ്രാഥമിക കോടതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് 90,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധിച്ചത്. ഇതിനെതിരെ മാതാപിതാക്കള്‍ അപ്പീല്‍ നല്‍കി. പിന്നീട് കേസ് പരിഗണിച്ച അപ്പീല്‍ കോടതി നഷ്ടപരിഹാരത്തുക രണ്ട് ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തി. എന്നാല്‍ വിധിക്കെതിരെ വാദിഭാഗവും പ്രതിഭാഗവും അബുദാബി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഇരുഭാഗത്തെയും വാദങ്ങള്‍ പരിഗണിച്ച അബുദാബി പരമോന്നത കോടതി ജഡ്‍ജി നഷ്ടപരിഹാരത്തുക മൂന്ന് ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വിധി പ്രസ്‍താവിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നിയമ നടപടികള്‍ക്ക്  ചെലവായ തുകയും ആശുപത്രിയും രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് നല്‍കണമെന്ന് വിധിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here