സ്വത്ത് കണ്ടുകെട്ടൽ കാസർകോട് നാല് പി.എഫ്.ഐ. നേതാക്കൾക്കെതിരേ നടപടി

0
196

കാസർകോട് : നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ.) ജില്ലയിലെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടങ്ങി.

റവന്യൂ വകുപ്പാണ് സ്വത്ത് സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടങ്ങിയത്. ജില്ലയിലെ രണ്ട് താലുക്കുകളിലായി നാല്‌ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളാണ് റവന്യൂവകുപ്പ് സ്വീകരിക്കുന്നത്. കാസർകോട് താലൂക്കിൽ പി.എഫ്.ഐ. ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥലവും സ്വത്തുക്കളുമാണ് പ്രധാനമായും കണ്ടുകെട്ടുക.

ഇതോടൊപ്പം പി.എഫ്.ഐ. നേതാക്കളായ നായന്മാർമൂലയിലെ എൻ.യു.അബ്ദുൾ സലാം, ആലമ്പാടി സ്വദേശി ഉമ്മർ ഫാറൂഖ്, ഹൊസ്ദുർഗ് താലൂക്കിലെ നങ്ങാറത്ത് സിറാജുദ്ദീൻ, പി.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് തെക്കേ തൃക്കരിപ്പൂർ വില്ലേജിലെ സി.ടി.സുലൈമാൻ എന്നിവർക്കെതിരേയും നടപടികൾ റവന്യൂവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഇവരുടെ സ്വത്തുവകകൾ തിരിച്ചറിഞ്ഞതായും ശനിയാഴ്ച മഹസർ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നും റവന്യൂവകുപ്പ് അധികൃതർ അറിയിച്ചു.

നേതാക്കളുടെ ഭൂസ്വത്തിന്റെ സ്കെച്ച് പോലീസ് തയ്യാറാക്കി

തൃക്കരിപ്പൂർ : പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റായിരുന്ന കൈക്കോട്ടുകടവിലെ സി.ടി.സുലൈമാന്റെ മെട്ടമ്മലിലുള്ള വീടിന്റെയും 12 സെന്റിന്റെയും സ്കെച്ച് തയ്യാറാക്കി. സൗത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ ചന്തേര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.നാരായണനാണ് സ്കെച്ച് തയ്യാറാക്കിയത്. ചീമേനി എസ്.ഐ. ചീമേനി വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവായ കാക്കടവിലെ സിറാജുദ്ദീൻ കാക്കടവിന്റെ ഒരേക്കർ സ്ഥലത്തിന്റെ സ്കെച്ചും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തയ്യാറാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here