പോലീസ് ജലപീരങ്കി പ്രയോഗിച്ചു; സമരക്കാർ ഷാംപൂ കൊണ്ട് മുടി കഴുകി; ശ്രീലങ്കയിൽ തമിഴ് വംശജരുടെ പ്രതിഷേധം

0
188

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ നയങ്ങൾക്കെതിരെ രാജ്യത്തെ തമിഴ് വംശജരുടെ പ്രതിഷേധം. ഞായറാഴ്ച ജാഫ്‌ന സർവകലാശാലയ്ക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രീലങ്കൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ‌പ്രതിഷേധക്കാർ ഷാപൂ കൊണ്ട് മുടി കഴുകിയാണ് ഇതിനെ നേരിട്ടത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ തമിഴ് ​​ഗാർഡിയൻ മാധ്യമപ്രവർത്തകൻ ഡോ. തുഷ്യൻ നന്ദകുമാർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ നല്ലൂരിൽ നടന്ന ഏറ്റുമുട്ടലിനിടെ പ്രതിഷേധക്കാർ പോലീസിന് നേരെ ചാണകം കലക്കിയ വെള്ളം ഒഴിക്കുന്നതും തമിഴ് ഗാർഡിയന്റെ ദൃശ്യങ്ങളിൽ കാണാം. പ്രതിഷേധക്കാരെ നേരിടാൻ ശ്രീലങ്കൻ പോലീസ് റോഡിൽ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്.

ആയുധധാരികളായ എസ്ടിഎഫ് സൈനികരും പോലീസിനൊപ്പം സമരക്കാരെ നേരിടാൻ എത്തിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ പ്രതിഷേധക്കാർ മുന്നോട്ട് നീങ്ങി. തമിഴ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, അധിനിവേശ തമിഴ് ഭൂമികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

രാജ്യത്തെ തമിഴ് വംശജരുടെ പ്രശ്നങ്ങൾ സർക്കാർ ചർച്ച ചെയ്തു വരികയാണെന്ന് റനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേശീയ തായ് പൊങ്കൽ ഉത്സവ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

തമിഴ് വംശജരുടെ പ്രശ്‌നത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയും രംഗത്തെത്തിയിരുന്നു. ശ്രീലങ്കയിൽ അനുരജ്ഞനം, മനുഷ്യാവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ലങ്കന്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തെക്കുറിച്ചുള്ള ആശങ്ക അറിയിച്ചത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്വത്തിലും, യുഎന്‍ ചാര്‍ട്ടറിലെ തത്വങ്ങളിലും അന്താരാഷ്ട്ര ചര്‍ച്ചകളിലും ഇന്ത്യയ്ക്ക് വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീലങ്കയില്‍ താമസിക്കുന്ന തമിഴ് ജനതയ്ക്ക് നീതിയും സമാധാനവും സമത്വവും അന്തസും ഉറപ്പാക്കണമെന്നും ഇന്ത്യ അറിയിച്ചിരുന്നു.

അതിനിടെ, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാപ്പരത്തിലായ ശ്രീലങ്ക രാജ്യത്തെ സൈനികശേഷി ഗണ്യമായി വെട്ടിക്കുറയ്‌ക്കുമെന്ന് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. സർക്കാർ സാമ്പത്തിക നയങ്ങൾ മാറ്റാൻ ശ്രമങ്ങൾ നടത്തിവരികയാണെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷ്യ, ഇന്ധനക്ഷാമത്തിൽ നിന്ന് രാജ്യം ഇപ്പോഴും കരകയറിയിട്ടില്ല.

കടബാധ്യതയെ തുടർന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ സഹായവും ശ്രീലങ്കൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ നികുതികൾ വർധിപ്പിക്കുകയും ചെലവ് ചുരുക്കൽ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ രാഷ്ട്രീയ രംഗത്തുള്ളവരുടെ അഴിമതിയും പ്രധാന കാരണം ആയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here