‘കശ്മീരിൽ രാഹുൽ ​ഗാന്ധി സൂക്ഷിക്കണം, ചിലയിടത്ത് നടക്കരുത്’; മുന്നറിയിപ്പുമായി കേന്ദ്രസുരക്ഷാ ഏജൻസികൾ

0
251

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാ​ഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.

നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമെന്ന് കരുതുന്നു.  ബുധനാഴ്ച ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയപതാക ഉയർത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും.

ജനുവരി 19 ന് ‌യാത്ര ലഖൻപൂരിൽ പ്രവേശിക്കും. അടുത്ത ദിവസം രാവിലെ കത്വയിലെ ഹാറ്റ്‌ലി മോറിൽ നിന്ന് ‌യാത്ര ആരംഭിക്കും. ജനുവരി 21 ന് രാവിലെ ഹിരാനഗറിൽ നിന്ന് ദുഗ്ഗർ ഹവേലി വരെയും ജനുവരി 22 ന് വിജയ്പൂരിൽ നിന്ന് സത്വാരി വരെയും യാത്ര ചെയ്യും.  ചില ഭാ​ഗങ്ങളിൽ അപകട സാധ്യത ആയതിനാൽ അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരിച്ചറിയാൻ നിർദേശിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് നിലവിൽ Z+ കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ഒമ്പത് കമാൻഡോകൾ അദ്ദേഹത്തിന് സുരക്ഷക്ക് മുഴുവൻ സമയവും കാവൽ നിൽക്കുന്നു.  എന്നാൽ, യാത്രക്കിടെ നിരവധി സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2020 മുതൽ ഗാന്ധി തന്റെ സുരക്ഷാ നിർദേശങ്ങൾ നൂറിലധികം തവണ ലംഘിച്ചതായി കോൺഗ്രസിന് മറുപടിയായി കേന്ദ്രം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here