ഓരോ ദിവസവും പുതിയ ഉയരങ്ങൾ താണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ് സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 5200 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം ആരംഭിച്ചത്. പവന് 320 രൂപ വർദ്ധിച്ച് 41,600 രൂപയുമാണ് വില.
സ്വർണം ഇങ്ങനെ മുകളിലേക്ക് കുതിപ്പ് തുടരുന്നതിനിടയിലാണ് സ്വർണം വാങ്ങിയ പഴയൊരു ബില്ല് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. പഴയതെന്ന് പറഞ്ഞാൽ ഒരു അറുപത് വർഷത്തെ പഴക്കമെങ്കിലും ബില്ലിനുണ്ടാകും. ഇന്ന് ഒരു പവന് വാങ്ങുക എന്നത് സാധാരണക്കാരന് ആലോചിക്കാൻ തന്നെ പ്രയാസമായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ബില്ലിന്റെ പ്രസക്തി.
1959 ലെ സ്വർണബില്ല് ഇക്കാലത്ത് എല്ലാവർക്കും അത്ഭുതമായിരിക്കും. കാരണം, ഈ മഹാരാഷ്ട്രയിൽ നിന്നുള്ള ഈ ബില്ല് പ്രകാരം ഇന്ന് ഒരു ചോക്ലേറ്റ് വാങ്ങുന്ന പൈസയ്ക്ക് അക്കാലത്ത് സ്വർണവും വെള്ളിയും വാങ്ങാം.
11.66 ഗ്രാം സ്വർണത്തിന്റെ വില വെറും 113 രൂപയാണെന്നാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ വില കേട്ടാൽ ഞെട്ടരുത്, വെറും പത്ത് രൂപ! അതായത് ഇന്നത്തെ ഗ്രാമിന്റെ വിലയായ 5,172 രൂപയുണ്ടെങ്കിൽ അന്ന് 533 ഗ്രാമിലേറെ സ്വർണം വാങ്ങാം.
മഹാരാഷ്ട്രയിലെ വാമൻ നിംബാജി അഷ്തേക്കർ എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ബില്ലാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 1000 രൂപയ്ക്ക് സ്വർണവും വെള്ളിയും വാങ്ങിയതിന്റെ ബില്ലാണിത്.