എന്നും നേരം വൈകി എത്തുന്നത് പതിവാക്കി പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍; ഗേറ്റ് പൂട്ടി വൈകി എത്തിയവരെ പുറത്ത് നിര്‍ത്തി ജനപ്രതിനിധി; കൈയ്യടിച്ച് ജനങ്ങള്‍

0
269

കൊല്ലം: സ്ഥിരമായി പഞ്ചായത്ത് ഓഫീസില്‍ വൈകിയെത്തുന്ന ഉദ്യോഗസ്ഥരെ പാഠം പഠിപ്പിച്ച് ജനപ്രതിനിധി. വൈകി എത്തിയവരെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി കൊല്ലം അഞ്ചല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ജനങ്ങളുടെ കൈയ്യടി വാങ്ങിയിരിക്കുന്നത്.

ഓഫീസ് സമയമായ പത്ത് മണിക്ക് ശേഷം ഓഫീസില്‍ എത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരേയും ഗേറ്റുപൂട്ടി തടഞ്ഞാണ് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രബാബു വ്യത്യസ്ത പ്രതിഷേധം നടത്തിയത്.

സ്ഥിരമായി പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ വൈകിയാണ് വരുന്നതെന്ന് ജനങ്ങളുടെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഓഫീസിലെത്തി പത്ത് മണിയോടെ ഗേറ്റ് അടച്ചത്.

പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാര്‍ എത്തിയത് 10 മണിക്ക് ശേഷമായിരുന്നു. ഗേറ്റ് പൂട്ടിയതിനാല്‍ വൈകിയെത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ഓഫീസിന് പുറത്തുതന്നെ നിന്നു.

വൈകിയെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പ്രതിഷേധത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് പിന്തുണയുമായി ജനങ്ങളും എത്തുകയായിരുന്നു. ഇനി മുതല്‍ കൃത്യസമയത്ത് ജോലിക്ക് എത്താമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയപ്പോള്‍ മാത്രമാണ് ഗേറ്റ് തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here