ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, മുഖത്ത് കടിച്ച ശേഷം പിടി വിടാതെ ഏറെ നേരം; ഭയപ്പെടുത്തുന്ന വീഡിയോ

0
290

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പല സ്വഭാവത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനായി ബോധപൂര്‍വം തയ്യാറാക്കുന്ന വീഡിയോകള്‍ തന്നെ ഏറെയാണ്. എന്നാല്‍ അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് അധികവും വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റാറും വ്യാപകമായി പങ്കുവയ്ക്കപ്പെടാറും.

ആഘോഷാവസരങ്ങളിലെ രസകരമായ സംഭവങ്ങള്‍ തൊട്ട് അപകടങ്ങള്‍ വരെ ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. സമാനമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായി ഒരാളെ പെരുമ്പാമ്പ് ആക്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് എവിടെ വച്ച് എപ്പോള്‍ പകര്‍ത്തിയതാണെന്നത് വ്യക്തമല്ല. ഒരു വീടിന്‍റെ പരിസരമാണ് വീഡിയോയില്‍ കാണുന്നതെന്നാണ് സൂചന. ഇവിടെ ഒരു കൂട്ടിനകത്തായിരുന്നു പെരുമ്പാമ്പ് ഉണ്ടായിരുന്നത്.

ഈ കൂടിനകത്ത് എന്തോ പരിശോധിക്കുകയാണ് ഒരാള്‍. സമീപത്ത് ഒരു സ്ത്രീ കൈക്കുഞ്ഞുമായി ഉലാത്തുന്നുണ്ട്. ഒരു വളര്‍ത്തുനായയെയും കാണാം. പെട്ടെന്ന് കൂടിനകത്ത് നിന്ന് പെരുമ്പാമ്പ് ഇയാള്‍ക്ക് നേരെ പാഞ്ഞടുക്കുകയാണ്. എന്ന് മാത്രമല്ല, ഇയാളുടെ മുഖത്ത് അത് കടിക്കുകയും ചെയ്തു.

സംഭവം കണ്ടുനില്‍ക്കുകയായിരുന്ന സ്ത്രീ നിലവിളിച്ചതോടെ വീട്ടിനകത്ത് നിന്ന് മറ്റുള്ളവര്‍ ഓടിവരികയാണ്. ഇതിനിടെ പെരുമ്പാമ്പ് പൂര്‍ണമായും കൂട്ടിനകത്ത് നിന്നിറങ്ങി ഇയാളെ വരിഞ്ഞുമുറുക്കുന്നു. അപ്പോഴും മുഖത്ത് നിന്ന് കടി വിടുന്നില്ല.

മറ്റുള്ളവരെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാമ്പ് ഒരനക്കം പോലും മാറാൻ തയ്യാറാകുന്നില്ല. ഇതിനിടെ ഇദ്ദേഹത്തിന്‍റെ മുഖത്ത് നിന്ന് ചോരയൊഴുകാൻ തുടങ്ങുന്നു. ഇത് ഒപ്പാൻ വീട്ടിനകത്ത് പോയി തുണിയെടുത്ത് കൊണ്ടുവരുന്നുണ്ട് മറ്റുള്ളവര്‍. എന്തായാലും വീഡിയോയുടെ അവസാനം വരെ പാമ്പ് ഇതേ രീതിയില്‍ ഇയാളെ ആക്രമിച്ച അവസ്ഥയില്‍ തന്നെ തുടരുന്നതാണ് കാണാനാകുന്നത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയുടെ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. അതേസമയം പേടിപ്പെടുത്തുന്ന വീഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

വീഡിയോ കണ്ടുനോക്കൂ…

LEAVE A REPLY

Please enter your comment!
Please enter your name here