ദില്ലി: ശസ്ത്രക്രിയക്കിടെ ലോകകപ്പ് മത്സരം വീക്ഷിക്കുന്ന വ്യക്തിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഈ ആരാധകന്‍ ഒരു ട്രോഫിക്ക് അര്‍ഹനല്ലേ എന്നും ചിത്രം പങ്കുവെച്ച്, ഫിഫയെ ടാഗ് ചെയ്ത് ആനന്ദ് മഹീന്ദ്ര ചോദിക്കുന്നു. പോളണ്ടിലെ കീല്‍സിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. സ്പൈനല്‍ അനസ്തേഷ്യ സ്വീകരിച്ച് ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനിടെയാണ് ആരാധകന്‍ ഫുട്ബോള്‍ മത്സരം കാണുന്നത്. കീൽസിലെ എസ്പി സോസ് എംഎസ്‌വിഎ എന്ന ആശുപത്രി അധികൃതരാണ് യുവാവിന്‍റെ ശസ്ത്രക്രിയാ സമയത്തെ ചിത്രം പങ്കിട്ടത്.
ശസ്ത്രക്രിയ നടത്തുമ്പോൾ, വെയിൽസും ഇറാനും തമ്മിലുള്ള മത്സരം കാണാൻ കഴിയുമോ എന്ന് ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തി ഡോക്ടറോട് ചോദിച്ചു. ഡോക്ടര്‍ ഈ ആവശ്യം സമ്മതിക്കുകയും ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ടെലിവിഷന്‍ എത്തിക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ വരെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടെയായിരുന്നു യുവാവ് കളി കണ്ടത്. ഇറാനെതിരെ വെയിൽസ് ആ മത്സരത്തിൽ പരാജയപ്പെട്ടു.
ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പോസ്റ്റിന് ഏകദേശം 900 ‘ലൈക്കുകൾ’ ലഭിച്ചു, നിരവധി ഉപയോക്താക്കൾ മത്സരം കാണാനുള്ള ഫുട്ബോൾ ആരാധകന്റെ സമർപ്പണത്തെ അഭിനന്ദിച്ചു. “ശ്രദ്ധ വ്യതിചലിക്കാത്തതിന് ഡോക്ടർമാരെയും അഭിനന്ദിക്കണം,”ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.
Hey @FIFAcom Don’t you think this gentleman deserves some kind of trophy…??? https://t.co/ub2wBzO5QL
— anand mahindra (@anandmahindra) December 8, 2022