കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസ് നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വിവാഹിതനാകുന്നു. ഫർസീനിന്റെ മട്ടന്നൂരിലെ വീട്ടിൽ ശനിയാഴ്ചയാണ് വിവാഹം. മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ഫർസീന്റെ വധു പയ്യന്നൂർ സ്വദേശി നഫീസതുൽ മിസ്രിയയാണ്. പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവ് കൂടിയായിരുന്നു മിസ്രിയ. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും കോൺഗ്രസ് എംഎൽഎമാരും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തും.
ദമ്പതിമാർക്ക് ആശംസ നേർന്ന് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചുവരെഴുതി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതും ഫർസീനെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളി താഴെയിട്ടതും വലിയ ചർച്ചയായിരുന്നു. വിമാനത്തിലെ കയ്യാങ്കളിക്ക് പിന്നാലെ ഇ.പി. ജയരാജനെയും ഫർസീൻ മജീദിനെയും താൽക്കാലികമായി വിമാനയാത്രയിൽ നിന്നും ഇൻഡിഗോ വിലക്കിയിരുന്നു. ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല എന്ന ശപഥം ചെയ്തായിരുന്നു വിലക്കിനെ ഇ.പി. ജയരാജൻ നേരിട്ടത്. പിന്നീട് ഇതുവരെ അദ്ദേഹം ഇൻഡിഗോ വിമാനത്തിൽ കയറിയിട്ടില്ല.
ഫര്‍സീന്‍ മജീദിന്‍റെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ചുമരെഴുതിയപ്പോള്‍
ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കത്തിൽ നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റ് ഫർസീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്‍റെ ആവശ്യം. കമ്മീഷണർ ആർ ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ഡിഐജി രാഹുൽ ആർ നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫർസീന് എതിരെയുള്ള പതിമൂന്ന് കേസുകളിൽ 11 കേസുകളും കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിന് ചുമത്തിയതാണ്. എടയന്നൂർ സ്കൂളിന് മുന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ 2017ൽ ഒരു വധശ്രമക്കേസും ഫർസീന് എതിരെയുണ്ട്.