ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

0
234

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്. നോര്‍ത്ത് കരോലിനയ്ക്ക് സമീപം 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് (94 ലക്ഷം രൂപ) ഈ ജീന്‍സ് വിറ്റു പോയതെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഏതെങ്കിലും ഖനി തൊഴിലാളിയുടേതാണെന്നാണ് കരുതുന്നത്. സ്വര്‍ണത്തിന്‍റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ജീന്‍സ് കണ്ടെടുത്തത്. 1857ല്‍ പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങുകയായിരുന്നു.അന്ന് 425 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അന്ന് കപ്പലില്‍ ജോലി ചെയ്തിരുന്നയാളുടെ ജീന്‍സാണിതെന്നാണ് പറയപ്പെടുന്നത്.

അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഏത് കമ്പനി നിര്‍മ്മിച്ചതാണെന്ന് വ്യക്തമല്ല. തുണിയുടെ പഴക്കം മൂലം നിറമേതെന്നും വ്യക്തമല്ല. എന്തായാലും നെവാഡയിലെ റെനോയിൽ വച്ചാണ് ലേലം നടന്നത്.

സമാനമായി 1880-കളിലെ ലെവിസ് ജീന്‍സും ലേലത്തില്‍ വിറ്റുപോയ വാര്‍ത്ത നാം അറിഞ്ഞതാണ്. 140 വര്‍ഷം പഴക്കമുള്ള ജീന്‍സ്  71 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് ഈ ജീന്‍സ് കിട്ടിയത്. ഡെനിം പുരാവസ്തു ഗവേഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കല്‍ ഹാരിസ് ആണ് 1880-കളിലെ ഈ ലെവിസ് ജീന്‍സ് കണ്ടെത്തിയത്. ബക്കിള്‍ബാക്ക് അഡ്ജസ്റ്ററുള്ള ജീന്‍സാണ് ഖനിയില്‍ നിന്നും കണ്ടെത്തിയത്. അമേരിക്കന്‍ വെസ്റ്റിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ നിന്നാണ് അദ്ദേഹം ജീന്‍സ്  കണ്ടെത്തിയത്. ഏറെ നാള്‍ മണ്ണിനടിയില്‍ കിടന്നതിന്റെ വലിയ കേടുപാടുകള്‍ ഒന്നും ജീന്‍സിന് ഉണ്ടായിരുന്നില്ല. ചെറിയ രണ്ട് കീറലുകള്‍ ഒഴിച്ചാല്‍ പറയത്തക്ക കേടുപാടുകളില്ല.

ഡെനിമിന്റെ  ആഘോഷമായ ഡുറങ്കോ വിന്റേജ് ഫെസ്റ്റിവസില്‍ ലേലത്തിന് വച്ച് ജീന്‍സിന് ഏറെ ആവശ്യക്കാര്‍ ഉണ്ടായിരുന്നു. വാശിയേറിയ ലേലത്തിനൊടുവില്‍ കൈല്‍ ഹോട്ട്‌നര്‍, സിപ് സ്റ്റീവന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ജീന്‍സ് സ്വന്തമാക്കി. 87,400- ഡോളറിനാണ് ഇവര്‍ ഇത് വാങ്ങിയത്. അതായത് 71,97,962 ഇന്ത്യന്‍ രൂപ. വിലയുടെ 90 ശതമാനം ഹോട്ട്‌നറും ബാക്കി 10 ശതമാനം സ്റ്റീവന്‍സണും സംഭാവന ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here