ലിയോണല്‍ മെസിയെ ഖത്തര്‍ അമീര്‍ അണിയിച്ച ബിഷ്ത് വന്‍ ഹിറ്റ്; കടയ്ക്ക് മുന്നില്‍ ആളുകളുടെ ക്യൂ!

0
214

ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച അര്‍ജന്‍റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് നായകന്‍ ലിയോണല്‍ മെസിയെ ഖത്തര്‍ അമീറും ഫിഫ പ്രസിഡന്‍റും ചേര്‍ന്ന സവിശേഷ വസ്ത്രമായ ബിഷ്ത് ധരിപ്പിച്ചിരുന്നു. ലോകകപ്പ് ഉയർത്തുമ്പോൾ മെസി ധരിച്ചിരുന്ന ബിഷ്തിന് 2,200 ഡോളര്‍ ആയിരുന്നു വില. സലീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഈ സവിശേഷ വസ്ത്രം നിര്‍മ്മിച്ചത്. ലോകകപ്പ് ഫൈനലിനായി രണ്ട് അളവിലുള്ള ബിഷ്ത് ആണ് സലീമിന്‍റെ കമ്പനി തയാറാക്കിയത്.

ഒന്ന് മെസിയെ അണിയിച്ചതും മറ്റൊന്ന് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസിന്‍റെ അളവിലുള്ളതുമായിരുന്നു. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതോടെ ബിഷ്തിന്‍റെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നുവെന്നാണ് സലീം പറയുന്നത്. സാധാരണ ദിവസവും എട്ട് മുതല്‍ 10 വരെ ബിഷ്താണ് വിറ്റിരുന്നത്. എന്നാല്‍, ഫൈനലിന് ശേഷം തിങ്കളാഴ്ച 150ഓളം എണ്ണം വരെ കടയില്‍ നിന്ന് വിറ്റു. ലിയോണല്‍ മെസി ധരിച്ച അതേ മാതൃകയിലുള്ള മൂന്ന് ബിഷ്തും വിറ്റു. കടയ്ക്ക് മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന അവസ്ഥ വരെയുണ്ടായെന്നും സലീം എഎഫ്പിയോട് പറഞ്ഞു. ബിഷ്ത് ധരിച്ച ശേഷം ലോകകപ്പ് ട്രോഫിയുടെ മാതൃകയും കയ്യിലേന്തി അര്‍ജന്‍റീന താരങ്ങള്‍ അവരുടെ ചാന്‍റുകള്‍ മുഴക്കുന്നുണ്ടായിരുന്നു.

അതേസമയം, മെസിയെ ബിഷ്ത് ധരിപ്പിച്ചത് അര്‍ജന്‍റീന ആരാധകര്‍ക്കും വളരേയേറെ ഇഷ്ടമായെന്നാണ് പ്രതികരണങ്ങള്‍. അത് കണ്ടപ്പോൾ ഞങ്ങൾക്കെല്ലാം സന്തോഷമായി. അത് ഒരു രാജാവ് മറ്റൊരു രാജാവിന് നൽകിയ സമ്മാനമാണെന്ന് ആരാധകനായ മൗറീഷ്യോ ഗാര്‍ഷ്യ പറഞ്ഞു. സവിശേഷ അവസരങ്ങളില്‍ മാത്രം ധരിക്കുന്ന പരമോന്നത ഖത്തറി ഗൗണാണ് ബിഷ്ത്. ഒട്ടകത്തിന്‍റെയും ആടിന്‍റെയും രോമങ്ങള്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ഷെയ്ഖുമാരും വിവാഹം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്. നേരത്തെ, ചില പാശ്ചാത്യ മാധ്യമങ്ങള്‍ മെസിയെ ബിഷ്ത് ധരിപ്പിച്ചതിനെ വിമര്‍ശിച്ചിരുന്നു.

36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോക കിരീടം കൈപ്പിടിയിലൊതുക്കി പത്താം നമ്പര്‍ ജേഴ്സി ധരിച്ചു നില്‍ക്കുന്ന മെസിയെയും അര്‍ജന്‍റീനയുടെ നീലയും വെള്ളയും വരകളുള്ള കുപ്പായത്തെയും മറക്കുന്നതായിപ്പോയി ഖത്തര്‍ അമീറിന്‍റെ സവിശേഷ സമ്മാനമെന്നായിരുന്നു ഇവരുടെ വിമര്‍ശനം. എന്നാല്‍, ഒരു ഷെയ്ഖ് ഒരു വ്യക്തിയെ ബിഷ്ത് ധരിക്കുമ്പോൾ, ആ വ്യക്തിയെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് സലീം പറഞ്ഞു. ഏറ്റവും ഭാരം കുറഞ്ഞതും സുതാര്യവുമായ ബിഷ്ത് വേണമെന്നാണ് ലോകകപ്പ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here