ദോഹ: അടുത്ത ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. 16 ടീമുകള്‍ക്ക് കൂടി യുഎസ്-മെക്സിക്കോ-കാനഡ ലോകകപ്പില്‍ യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം. ഇന്ത്യന്‍ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫുട്ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്റീനോയുടെ മറുപടി.
150 കോടി ആളുകള്‍ അത് കാണാന്‍ അഗ്രഹിക്കുന്നു? ‘ഉടന്‍ തന്നെ അതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 2026ലാണ് അടുത്ത പുരുഷ ലോകകപ്പ് നടക്കുന്നത്. 32ന് പകരം 48 ടീമുകള്‍ ഉണ്ടാകും. അതുകൊണ്ട് തീര്‍ച്ചയായും ഇന്ത്യക്ക് യോഗ്യത നേടാന്‍ ഒരു സാധ്യതയുണ്ട്. പക്ഷെ, ഫിഫയുടെ ഇന്ത്യന്‍ ആരാധകര്‍ക്കായി ഞങ്ങള്‍ക്ക് നല്‍കാന്‍ പറ്റുന്ന ഉറപ്പ് ഇതാണ്, ഫിഫ വലിയ തോതില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പോകുകയാണ്. ഇന്ത്യന്‍ ഫുട്ബോളിനെ ഏറെ വലുതാക്കാനായി. വലിയൊരു രാജ്യമായ ഇന്ത്യയിലെ ഫുട്ബോള്‍ ഗംഭീരമാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ മികച്ചൊരു ഫുട്ബോള്‍ ടീമും. അതുകൊണ്ട് ഞങ്ങള്‍ അതിന്റെ പണിപ്പുരയിലാണ്’, ഇന്‍ഫന്റീനോ പറഞ്ഞു.