ദോഹ: ഖത്തര്‍ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ വീറും വാശിയും നിറഞ്ഞതായിരുന്നു. അതില്‍ പോര്‍ച്ചുഗല്‍ – ദക്ഷിണ കൊറിയ പോരാട്ടം അവസാന നിമിഷം വരെ ഉദ്വേഗം ഉണര്‍ത്തി. തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്ത് എന്ന അവസ്ഥയില്‍ യൂറോപ്യന്‍ കരുത്തരായ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് കൊറിയ വിജയം നേടുകയായിരുന്നു. വിജയ ഗോള്‍ നേടിയ വാംഗ് ഹീ ചാന്‍ ആയിരുന്നു ഏഷ്യന്‍ ടീമിന്‍റെ മിന്നും താരം.
ഗോള്‍ നേടിയ ശേഷമുള്ള ചാന്‍റെ ആഘോഷം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ആവേശം അണപ്പൊട്ടുമ്പോള്‍ ജേഴ്സി ഊരിയുള്ള ആഘോഷം ഫുട്ബോളില്‍ പരിചിതമായ കാര്യമാണ്. എന്നാല്‍, ചാന്‍റെ ഗോള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ കണ്ട ചിലര്‍ ഒരു ചോദ്യം ഉന്നയിച്ചു. ദക്ഷിണ കൊറിയന്‍ കാരം ജേഴ്സിക്ക് താഴെ സ്ത്രീകളുടെ സ്പോര്‍ട്സ് ബ്രാ ആണോ ധരിച്ചിരിക്കുന്നത് എന്നതായിരുന്നു പലരുടെയും സംശയം. ഫുട്ബോള്‍ വളരെ കാര്യമായി പിന്തുടരുന്നവര്‍ക്ക് ഇതൊരു പുതിയ കാര്യമല്ലെങ്കിലും എന്തിനാണ് ഇത്തരം വസ്ത്രം പുരുഷ കളിക്കാര്‍ ധരിക്കുന്നത് എന്ന് പലര്‍ക്കും വലിയൊരു സംശയമായി മാറി.
അപ്പോള്‍ അതാണ് ചോദ്യം. എന്തിനാണ് പുരുഷ ഫുട്ബോള്‍ താരങ്ങള്‍ സ്പോര്‍ട്സ് ബ്രാ ധരിക്കുന്നത്? കളിക്കാർ ധരിക്കുന്ന സ്പോര്‍ട്സ് ബ്രാ ശരിക്കും ഒരു ജിപിഎസ് ട്രാക്കറാണ്. ഇത് വളരെ സാധാരണയായി താരങ്ങള്‍ ജേഴ്സിക്ക് താഴെ ധരിക്കാറുള്ളതാണ്. താരങ്ങളുടെ കളത്തിലെ വ്യക്തിഗത മികവാണ് ജിപിഎസ് ട്രാക്കര്‍ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത്. വെസ്റ്റിന്‍റെ പിന്‍ വശത്തുള്ള അറയിലാണ് ട്രാക്കര്‍ ഘടിപ്പിക്കുന്നത്. ജിപിഎസ് ഉപകരണം വഴി ശേഖരിക്കുന്ന ഡാറ്റ കളിക്കാരുടെ പരിശീലന സെഷനുകൾക്ക് ഉപയോഗപ്രദമാണെന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ പറയുന്നത്.