എന്തുകൊണ്ടാണ് ജനുവരി 1 പുതുവർഷമായി ആഘോഷിക്കുന്നത്?

0
161

2023-ന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2022-നോട് വിടപറഞ്ഞ് ശോഭനവും സമൃദ്ധവുമായ നാളെയുടെ പ്രതീക്ഷയിൽ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ലോകം ഒരുങ്ങി കഴിഞ്ഞു. സന്തോഷത്തിന്റെയും നവോന്മേഷത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ഓരോ പുതുവത്സര പുലരികൾ. എന്നാല്‍ എന്തുകൊണ്ടാണ് ജനുവരി ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ? ഒരു വര്‍ഷത്തിന്‍റെ ആദ്യത്തെ മാസം ജനുവരിയയത് എന്തുകൊണ്ടാണ്?

പുതുവര്‍ഷത്തിന്‍റെ രഹസ്യം അറിയണമെങ്കില്‍ നമുക്ക് ഒരു 2000 വര്‍ഷം പുറകിലേക്ക് പോകാം. പുതുവർഷത്തിന്റെ തുടക്കമായി ജനുവരി 1 ആദ്യമായി കണക്കാക്കുന്നത് ബിസി 45-ലാണ്. റോമൻ ഏകാധിപതി ജൂലിയസ് സീസറാണ് അധികാരത്തിലെത്തിയ ശേഷം കലണ്ടർ പരിഷ്കരിച്ചത്. ഭൂമി സൂര്യനെ ചുറ്റാന്‍ എടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. അതിന് മുമ്പ് റോമൻ കലണ്ടർ പ്രകാരം മാർച്ചിലായിരുന്നു പുതുവർഷം.

ഭാവിയുടെയും ഭൂതത്തിന്‍റെയും ദേവതയായ ജാനസിന്‍റെ പേരിലുള്ള ജനുവരി മാസം റോമാക്കാരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അതുകൊണ്ടാണ് സീസര്‍ ജനുവരിയില്‍ തന്നെ വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ചത്. 365 ദിവസം കൊണ്ടാണ് ഭൂമി സൂര്യനെ ചുറ്റുന്നതെന്ന് പറയാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് കൃത്യമല്ല. അതുകൊണ്ടാണ് നാലുവര്‍ഷം കൂടുമ്പോള്‍ ലീപ് ഇയര്‍ ഉണ്ടാകുന്നത്. ജൂലിയൻ കലണ്ടർ ജനപ്രീതി നേടിയപ്പോഴും, യൂറോപ്പിന്റെ വലിയൊരു ഭാഗം ബിസി 16-ാം നൂറ്റാണ്ടിന്റെ പകുതി വരെ അത് അംഗീകരിച്ചില്ല.

പിന്നീട് ക്രിസ്തുമതം കൂടുതൽ സ്വാധീനം വർധിപ്പിച്ചതോടെ ജനുവരി 1 പുതുവർഷമായി ആഘോഷിക്കുന്നതിൽ ക്രിസ്ത്യാനികൾ വൈമുഖ്യം കാണിച്ചു. ഗ്രിഗറി മാർപാപ്പ ജൂലിയൻ കലണ്ടർ പരിഷ്കരിക്കുകയും ജനുവരി 1 പുതുവർഷത്തിന്റെ ആദ്യ ദിനമായി മാനദണ്ഡമാക്കുകയും ചെയ്തതിനുശേഷം മാത്രമാണ് അത് പതുക്കെ സ്വീകാര്യമായത്. യൂറോപ്പിലെ കത്തോലിക്ക രാജ്യങ്ങൾ ഈ കലണ്ടർ പിന്തുടരാൻ ആരംഭിച്ചു. ഇന്ന് ലോകത്ത് ഏതാണ്ടെല്ലാ രാജ്യങ്ങളും ഗ്രിഗോറിയന്‍ കലണ്ടറാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് എല്ലാവരും ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here