‘യെമനിൽ വന്നത് സൂഫിസവും അറബികും പഠിക്കാൻ’; കാണാതയതല്ലെന്ന് കാസർകോട് സ്വദേശി, വീഡിയോ സന്ദേശം പുറത്ത്

0
210

കാസർകോട്: യമനില്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന്. തങ്ങൾ ഇപ്പോഴുള്ളത് യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണെന്ന് വീഡിയോ സന്ദേശത്തിൽ ഇദ്ദേഹം പറയുന്നു. യമനിലെ പണ്ഡിതന്‍ ഹബീബ് ഉമറിന് കീഴില്‍ സൂഫിസവും അറബിക്കും പഠിക്കാന്‍ വന്നതാണ്. തനിക്ക് മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. എല്ലാ വിസ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് യമനില്‍ എത്തിയത്. കുടുംബാംഗങ്ങളുമായി സ്ഥിരം ബന്ധപ്പെടാറുണ്ടെന്നും ഷബീര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

മുഹമ്മദ് ഷബീറിനെയും കുടുംബത്തെയും കാണാനില്ലെന്ന വാർത്ത നിഷേധിച്ച് കുടുംബവും രംഗത്ത് വന്നിട്ടുണ്ട്. ഷബീർ കുടുംബവുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ട്. യമനിൽ പോയത് കുടുംബത്തെ അറിയിച്ച് നിയമപരമായ നടപടികൾ പൂർത്തിയാക്കിയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീറിന്റെ കുടുംബം പ്രതികരിച്ചു.

ഷബീര്‍, ഭാര്യ റിസ്വാന, ഇവരുടെ നാല് മക്കളും യുഎഇയിലാണ് 12 വര്‍ഷമായി കഴിയുന്നത്. കഴിഞ്ഞ നാല് മാസമായി ഇവരെക്കുറിച്ച് വിവരമില്ലെന്ന പരാതിയാണ് ഇന്നലെ ബന്ധുക്കൾ ചന്തേര പൊലീസില്‍ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഈ കുടുംബം യമനിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് വഴി ചിലരെ ഷബീറും ഭാര്യയും ബന്ധപ്പെട്ടിരുന്നു. മതപഠനത്തിന് പോയെന്നാണ് വിശദീകരണം. ഇതുവരേയും സംഭവത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യക്കാര്‍ക്ക് യമനിലേക്ക് പോകാന്‍ നിരോധനം നിലവിലുണ്ട്. കാസര്‍കോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനില്‍ എത്തിയെന്നാണ് വിവരം. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും സൂചനയുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടി കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here