ഉപ്പളയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ബംഗളൂരു സ്വദേശി മരിച്ചു

0
336

ഉപ്പള: ഉപ്പളയില്‍ ക്രൂരമര്‍ദനത്തിനിരയായ ബംഗളൂരു സ്വദേശി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ബംഗളൂരുവിലെ സുന്ദര(65) ആണ് മരിച്ചത്. സുന്ദര ഉപ്പള നയാബസാറിന് സമീപത്തെ ക്ഷേത്രോത്സവപറമ്പില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉത്സവപറമ്പില്‍ മദ്യപിച്ചെത്തിയ യുവാവ് സുന്ദരയുമായി ഏറെനേരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ചില ആള്‍ക്കാര്‍ യുവാവിനെ അവിടെ നിന്ന് മാറ്റിയെങ്കിലും ഇയാള്‍ വീണ്ടുമെത്തി സുന്ദരയെ തട്ടുകടയില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നെഞ്ചിലും വയറിലും ചവിട്ടേറ്റ് അവശനായ സുന്ദര പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന് മംഗല്‍പ്പാടി ആശുപത്രിയിലെത്തി. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട സുന്ദരയെ ഡോക്ടര്‍ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ഇതിനിടെ സുന്ദര ഛര്‍ദിക്കുകയും ചെയ്തു. നില ഗുരുതരമാണെന്ന് മനസിലാക്കിയ ഡോക്ടര്‍ ഉടന്‍ തന്നെ സുന്ദരയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഡോക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സുന്ദരയുടെ മരണത്തിന് കാരണം ഹൃദയാഘാതമാണെന്നാണ് സൂചിപ്പിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷമേ യഥാര്‍ത്ഥ മരണകാരണം എന്താണെന്ന് ഉറപ്പുപറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here