ഇടക്കാല ജാമ്യം: ഉമർ ഖാലിദ് ജയിൽ മോചിതനായി

0
152

ഡല്‍ഹി: ജെ.എൻ.യു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ജയിൽ മോചിതനായി. 7 ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. സഹോദരിയുടെ വിവാഹം കണക്കിലെടുത്താണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ 7 മണിക്കാണ് ഉമര്‍ ഖാലിദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്. 2020ൽ നടന്ന ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22നാണ് ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. 2020 സെപ്റ്റംബർ 13നാണ് പൊലീസ് ഉമര്‍ ഖാലിദിനെ കസ്റ്റഡിയിലെടുത്തത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്.

അതേസമയം ഡൽഹി ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസില്‍ ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കർക്കഡൂമ കോടതിയുടേതാണ്‌ നടപടി. ഉമർ ഖാലിദിനെതിരെ മറ്റൊരു കേസിൽ യു.എ.പി.എ ചുമത്തിയതിനാൽ അന്ന് പുറത്തിറങ്ങാനായിരുന്നില്ല.

ജാമ്യ കാലയളവില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കരുതെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും കോടതി ഉമര്‍ ഖാലിദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം ഡിസംബര്‍ 30ന് ജയിലില്‍ തിരികെ എത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here