ഒരു മകന്‍ ഹിന്ദുമതവിശ്വാസി, മറ്റൊരു മകന്‍ ഇസ്ലാം മതവിശ്വാസി, അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലി തര്‍ക്കം

0
309

രണ്ട് വ്യത്യസ്‍ത മതവിശ്വാസങ്ങള്‍ പിന്തുടരുന്ന രണ്ട് സഹോദരങ്ങള്‍ തമ്മില്‍ അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലി തര്‍ക്കം. ചൊവ്വാഴ്ചയാണ് ഇവരുടെ അമ്മ മരിച്ചത്. മക്കളില്‍ ഒരാള്‍ അമ്മയെ അടക്കണം എന്ന് ആഗ്രഹിച്ചപ്പോള്‍ മറ്റൊരു മകന്‍ അമ്മയെ ദഹിപ്പിക്കണം എന്നാണ് ആഗ്രഹിച്ചത്.

മരിച്ച സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകന്‍ ഇസ്ലാം മതത്തിലാണ് വിശ്വസിക്കുന്നത്. അതേ സമയം രണ്ടാമത്തെ ഭര്‍ത്താവിലുണ്ടായ മകന്‍ ഹിന്ദു മതത്തിലാണ് വിശ്വസിക്കുന്നത്. എന്നാല്‍, പൊലീസ് കൃത്യസമയത്ത് ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തതു. ഒടുവില്‍ സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പൊലീസ് പറയുന്നത് പ്രകാരം റയ്ഖ ഖത്തൂണ്‍ എന്ന സ്ത്രീ ആദ്യം വിവാഹം കഴിച്ചത് ഒരു മുസ്ലിമിനെ ആയിരുന്നു. എന്നാല്‍ 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭര്‍ത്താവ് മരിച്ചു. ശേഷം അവര്‍ ജങ്കിദിഹ് ഗ്രാമത്തില്‍ നിന്നും ഉള്ള രാജേന്ദ്ര ഝാ എന്നയാളെ വിവാഹം കഴിച്ചു.

രണ്ടാം വിവാഹത്തിന് ശേഷം ആദ്യവിവാഹത്തിലുണ്ടായ മകന്‍ എംഡി മൊഹ്ഫില്‍ ഇവര്‍ക്കൊപ്പം താമസം ആരംഭിച്ചു. പിന്നീട്, രണ്ടാമത്തെ ഭര്‍ത്താവില്‍ ഇവര്‍ക്ക് ബബ്ലൂ ഝാ എന്നൊരു മകന്‍ കൂടി ഉണ്ടായി. എന്നാല്‍, കുടുംബത്തില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. എല്ലാവരും ഒരുമിച്ച് ഒരേ വീട്ടില്‍ തന്നെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്.

സഹോദരങ്ങളില്‍ ഒരാള്‍ പള്ളിയില്‍ പോയപ്പോള്‍ മറ്റൊരാള്‍ അമ്പലത്തില്‍ പോയി. പിന്നീട്, ഇവരുടെ അമ്മ ഹിന്ദുമതം സ്വീകരിച്ചു. പേര് രേഖാ ദേവി എന്നും മാറ്റി. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ രണ്ടാമത്തെ ഭര്‍ത്താവും മരിച്ചു. രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.

ഏതായാലും അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലിയുണ്ടായ തര്‍ക്കം വഷളാവാതെ തന്നെ രമ്യമായി പരിഹരിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here