കോവിഡ് ഭീതി മൂലം വീടിനു പുറത്തിറങ്ങാതെ അമ്മയും മകളും കഴിഞ്ഞത് 2 വർഷം; ഒടുവിൽ ആശുപത്രിയിൽ

0
189

അമരാവതി: കോവിഡ് ഭീതി മൂലം രണ്ടുവർത്തോളം പുറത്തിറങ്ങാതെ ജീവിച്ച് അമ്മയും മകളും. ആന്ധ്രാപ്രദേശിലെ കുയ്യേരു ​ഗ്രാമത്തിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. മണി, മകൾ ദുർ​ഗ ഭവാനി എന്നിവരാണ് 2020 മുതൽ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയത്.

കോവിഡ് ബാധിക്കുമെന്ന ഭീതി മൂലമാണ് അമ്മയും മകളും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞത്. ഇരുവരുടെയും ആരോ​ഗ്യനില വഷളായതോടെ ​ഗൃഹനാഥൻ തന്നെയാണ് വിവരം ആരോ​ഗ്യ പ്രവർത്തകരെ അറിയിച്ചത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടക്കത്തിൽ ഇരുവരും ആരോ​ഗ്യ പ്രവർത്തകരെ മുറിക്കുള്ളിൽ കയറ്റാൻ വിസമ്മതിച്ചിരുന്നു. പിന്നീട് ബലം പ്രയോ​ഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്. അമ്മയും മകളും മാനസിക അസ്വാസ്ഥ്യം നേരിടുന്നവരാണ് എന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.

2020 ൽ കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതൽ അമ്മയും മകളും നാലുചുവരുകൾക്കുള്ളിൽ കഴിയുകയായിരുന്നു. മഹാമാരി കെട്ടടങ്ങിയപ്പോഴും വീടിനു പുറത്തിറങ്ങാൻ ഇരുവരും തയ്യാറായില്ല. മണിയുടെ ഭർത്താവാണ് ഇരുവർക്കുമുള്ള ഭക്ഷണവും വെള്ളവും നൽകി വന്നിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച്ച ഭർത്താവിനെയും മുറിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതോടെയാണ് വിവരം അധികൃതരുടെ ശ്രദ്ധയിലെത്തിയത്.

കഴിഞ്ഞ ജൂലൈയിൽ ഈസ്റ്റ് ​ഗോദാവരി ജില്ലയിൽ നിന്നും സമാനസംഭവം പുറത്തുവന്നിരുന്നു. കോവിഡ് ഭീതിമൂലം പതിനഞ്ച് മാസത്തോളം വീടിനുള്ളിൽ കഴിഞ്ഞ മൂന്നു സ്ത്രീകളെക്കുറിച്ചാണ് അന്നു പുറത്തുവന്നത്. അയൽക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് വീടിനുള്ളിൽ കഴിച്ചുകൂട്ടിയ ദമ്പതികളുടെയും മക്കളുടെയും വാർത്തയും പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here