ഖത്തറിലും ലോകകപ്പിന് പുതിയ അവകാശികളില്ല, വിജയി ആരെങ്കിലും കാത്തിരിക്കുന്നത് മൂന്നാം കിരീടം

0
283

ദോഹ: ഖത്തറില്‍ നടക്കുന്നത് ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ 22ാം പതിപ്പാണ്. കലാശപ്പോരിന് ലയണല്‍ മെസിയുടെ അര്‍ജന്റീന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ ബൂട്ടുകെട്ടുമ്പോള്‍ ഒരു കാര്യം ഉറപ്പ്. ലോകകപ്പിന് ഇത്തവണയും പുതിയ അവകാശികളുണ്ടാകില്ല. ഫൈനലില്‍ ജയം ആര്‍ക്കൊപ്പമായാലും സ്വന്തമാകുക മൂന്നാം ലോകകിരീടമാണ്.

യുറുഗ്വായ്, ഇറ്റലി, ജര്‍മനി, ബ്രസീല്‍, ഇംഗ്ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ എട്ട് ടീമുകള്‍ക്ക് മാത്രമാണ് ഇതുവരെ ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളത്. അവസാനമായി ഒരു ടീം ആദ്യമായി ലോകകപ്പ് നേടിയതാകട്ടെ 2010ല്‍ സ്‌പെയിന്‍ ലോകചാമ്പ്യന്‍മാരായപ്പോഴാണ്.

ഇത്തവണ സെമി ഫൈനലില്‍ എത്തിയ നാല് ടീമുകളില്‍ ക്രൊയേഷ്യയും മൊറോക്കയും ലോകകപ്പ് നേടാത്തവരാണ്. എന്നാല്‍ രണ്ട് ടീമുകളും സെമി ഫൈനലില്‍ തോറ്റ് പുറത്തായി. ഇതോടെയാണ് ഇത്തവണയും പുതിയ ജേതാക്കളുണ്ടാകില്ലെന്ന് ഉറപ്പായത്.

ബ്രസീല്‍ അഞ്ച് തവണ കപ്പ് നേടിയപ്പോള്‍ നാല് കിരീടങ്ങളുമായി ഇറ്റലിയും ജര്‍മനിയുമാണ് രണ്ടാം സ്ഥാനത്ത്. യുറുഗ്വായ്, ഫ്രാന്‍സ്, അര്‍ജന്റീന എന്നിവര്‍ രണ്ട് തവണ കപ്പുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടും സ്‌പെയിനും ഓരോ തവണയും കപ്പടിച്ചു.

അതോടൊപ്പം തന്നെ ലോകകപ്പിന്റെ 22 പതിപ്പുകള്‍ പിന്നിടുമ്പോഴും കിരീടം യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തേക്ക് പോകുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ഫൈനലില്‍ പോലും ഈ രണ്ട് മേഖലയില്‍ നിന്നുള്ള ടീമുകളല്ലാതെ ഏറ്റുമുട്ടിയിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here