യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു

0
237

അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ബാധകമാവുന്നത്.

പുതിയ നികുതി നിയമം അനുസരിച്ച് വാര്‍ഷിക ലാഭം 3,75,000 ദിര്‍ഹത്തില്‍ താഴെയുള്ള കമ്പനികള്‍ക്ക് നികുതിയുണ്ടാവില്ല. ചെറിയ ബിസിനസ് സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പിന്തുണ നല്‍കാനാണ് ഈ ഇളവ്. ആഗോള സാമ്പത്തിക രംഗത്തെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യുഎഇയുടെ താത്പര്യങ്ങള്‍ക്ക് പിന്തുണയേകുന്ന തരത്തില്‍ സംയോജിത നികുതി ഘടന പടുത്തുയര്‍ത്തുന്നതിലേക്കുള്ള പ്രധാന ചവിട്ടുപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കോര്‍പറേറ്റ് നികുതിയെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.

സ്റ്റാര്‍ട്ടപ്പുകളും ചെറിയ ബിസിനസ് സംരംഭങ്ങളും യുഎഇയുടെ സാമ്പത്തിക മേഖലയില്‍ വഹിക്കുന്ന സുപ്രധാന പങ്ക് കണക്കിലെടുത്താണ് കോര്‍പറേറ്റ് നികുതിയില്‍ നിന്ന് അവയെ ഒഴിവാക്കിക്കൊണ്ട് 3,75,000 ദിര്‍ഹത്തിലധികം ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് മാത്രമായി നികുതി ഏര്‍പ്പെടുത്തുന്നത്. ചില മേഖലകളിലെ സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. പ്രകൃതി വിഭവങ്ങളുടെ സംസ്‍കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കോര്‍പറേറ്റ് നികുതി ബാധകമല്ല. എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ബാധകമായ എമിറേറ്റ് തലത്തിലെ പ്രദേശിക നികുതികള്‍ തുടരും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റമെന്റ് ഫണ്ടുകള്‍, പബ്ലിക് ബെനഫിറ്റ് കമ്പനികള്‍ എന്നിവ യുഎഇയുടെ സാമൂഹിക – സാമ്പത്തിക രംഗത്ത് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവയെയും കോര്‍പറേറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പരിവര്‍ത്തനത്തിന് പ്രാഥമിക പങ്കുവഹിക്കുന്ന ഫ്രീ സോണുകള്‍ക്കും ഇപ്പോള്‍ തുടരുന്ന പൂജ്യം ശതമാനം നികുതി ആനുകൂല്യങ്ങള്‍ തുടരും.

ശമ്പളമോ അല്ലെങ്കില്‍ ജോലികളില്‍ നിന്ന് ലഭിക്കുന്ന വ്യക്തിഗത വരമാനമോ കോര്‍പറേറ്റ് നികുതി കണക്കാക്കുന്നിതനുള്ള വരുമാനത്തില്‍ ഉള്‍പ്പെടില്ല. സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇത് ബാധകമാണ്. ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും മറ്റ് സേവിങ്സ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശയും മറ്റ് വ്യക്തിഗത വരുമാനങ്ങളും കോര്‍പറേറ്റ് നികുതിയുടെ പരിധിക്ക് പുറത്താണ്. വ്യക്തികള്‍ അവരുടെ സ്വന്തം നിലയ്ക്ക് നടത്തുന്ന റിയസ്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും കോര്‍പറേറ്റ് നികുതിക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here