ലണ്ടന്‍: മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായ സംഭവം ലോകത്തെ നടുക്കിയ സംഭവമാണ്. എട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും എന്താണ് ഈ വിമാനത്തിന് സംഭവിച്ചത് എന്ന വ്യക്തമായ ഉത്തരം അജ്ഞാതമാണ്. ഒരു പുതിയ മാധ്യമ റിപ്പോർട്ട് പ്രകാരം ഇപ്പോള്‍ വിമാനത്തിന്‍റെ തകര്‍ച്ച സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം. 2014 മാർച്ച് 8 ന് സംഭവിച്ച അപകടം പൈലറ്റ് ബോധപൂർവം വിമാനം തകര്‍ക്കുന്ന അപകടത്തിലേക്ക് നയിക്കുകയാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഇത് വിമാനത്തിലുണ്ടായിരുന്ന 239 യാത്രക്കാരുടെ ജീവൻ നഷ്ടമാക്കിയ ദുരന്തത്തിലേക്ക് നയിച്ചു. മഡഗാസ്‌ക്കൻ മത്സ്യത്തൊഴിലാളിയാണ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ വാതിൽ കണ്ടെത്തിയതാണ് സംഭവത്തിലെ വഴിത്തിരിവ്.
25 ദിവസം മുമ്പ് ടാറ്റലി എന്ന മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ നിന്നും വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയർ വാതിൽ കണ്ടെത്തിയതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റുമാർ വിമാനം “നശിപ്പിക്കാൻ” ഉദ്ദേശിച്ചിരുന്നതായി ഈ വതിലിന്‍റെ പരിശോധനയില്‍ തെളിവ് ലഭിച്ചുവെന്നാണ് വിദഗ്ധർ പറയുന്നത്.
ബ്രിട്ടീഷ് എഞ്ചിനീയർ റിച്ചാർഡ് ഗോഡ്‌ഫ്രെയും, എംഎച്ച് 370 അവശിഷ്ട വേട്ടക്കാരനായ അമേരിക്കൻ പരിവേഷകന്‍ ബ്ലെയ്ൻ ഗിബ്‌സണും വിമാനം “മനപ്പൂർവ്വം തകർന്നതാണ്” എന്ന് പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
“എല്ലാ വശങ്ങളിലും ഒടിവുകളുള്ള രീതിയിലാണ് ഇപ്പോള്‍ അവശിഷ്ടം ലഭിച്ചത്. അതിനാല്‍ തന്നെ പല കഷണങ്ങളായി വിമാനം ചിതറണം എന്ന് ഉദ്ദേശിച്ചുള്ള ഒരു ലാന്‍റിംഗാണ് അവസാനം വിമാനത്തിന് സംഭവിച്ചത് എന്ന് ഉദ്ദേശിക്കാം. എംഎച്ച്370 വിമാനം തകർന്നത് സമുദ്രത്തിലേക്ക് മനപ്പൂര്‍വ്വമായി നടത്തിയ ഒരു കൂപ്പുകുത്തല്‍ വഴിയാണ്” ഗോഡ്ഫ്രെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
2017-ൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഫെർണാണ്ടോ കാരണം മഡഗാസ്കർ തീരത്ത് അടിഞ്ഞതാണ് ലാൻഡിംഗ് ഗിയർ വാതിൽ എന്നാണ് ഇത് അടുത്തകാലം വരെ ഇത് സൂക്ഷിച്ച മത്സ്യത്തൊഴിലാളി പറയുന്നത്. വലിയൊരു അപകടത്തിന്‍റെ ശേഷിപ്പാണ് ഇതെന്നും, അതിന്‍റെ പ്രാധാന്യമറിയാതെ അയാൾ അഞ്ചുവർഷത്തോളം തന്റെ പക്കൽ സൂക്ഷിച്ചു. ഇയാളുടെ ഭാര്യ ഇത് പാഴ്വസ്തുവാണെന്ന് കരുതി അലക്കാനുള്ള കല്ലായി ഉപയോഗിച്ചു വരുകയായിരുന്നു.
“വിമാനത്തെ തകർക്കാൻ മനപ്പൂര്‍വ്വ ശ്രമത്തിന്‍റെ ഭാഗമായി വിമാനം കഴിയുന്നത്ര വേഗത്തിൽ കടലില്‍ മുക്കുന്നതിനുള്ള ശ്രമം നടത്തിയെന്നാണ് ലാൻഡിംഗ് ഗിയറിന്റെ രൂപം തന്നെ തെളിവ് നല്‍കുന്നത്. ഒപ്പം ഒരു തെളിവും ലഭിക്കാതിരിക്കാനുള്ള കാരണവും ഇത് തന്നെയാണ്” ഇൻഡിപെൻഡന്റ് വിദഗ്ധർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഉദ്ധരിച്ച് പറയുന്നു. വിമാനം കണ്ടെത്തുന്നതിനായി വീണ്ടും തിരച്ചിൽ നടത്തണമെന്ന് യാത്രക്കാരുടെ ബന്ധുക്കൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ കണ്ടെത്തല്‍.