വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് 19-കാരിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

0
254

ഭോപ്പാൽ: വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് 19-കാരിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം. പങ്കജ് ത്രിപാഠി (24) യെന്ന യുവാവിന്റെ വീടാണ് തകർത്തത്.

ത്രിപാഠി യുവതിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യുവതിയുടെ മുടി പിടിച്ച് നിലത്തെറിഞ്ഞ ശേഷം മുഖത്തും ശരീരത്തിലും ചവിട്ടിപ്പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ മിർസാപൂരിൽനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ ഭരണകൂടമാണ് ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തത്. വൻ പൊലീസ് സന്നാഹത്തോടെ എത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീട് പൂർണമായും തകർത്തു. ഡ്രൈവറായി ജോലി ചെയ്തിരുന്ന ത്രിപാഠിയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കൃത്യസമയത്ത് നടപടിയെടുക്കാതിരുന്നതിന് ഒരു പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ത്രിപാഠി യുവതിയെ ക്രൂരമായി മർദിച്ചത്. ത്രിപാഠിയുടെ സുഹൃത്താണ് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്. മർദനമേറ്റ് ബോധരഹിതയായ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here