തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങളില്ലെന്ന് ധനമന്ത്രി. കെ.കെ. രമ എം.എല്‍.എ.യുടെ ചോദ്യത്തിനാണ് മറുപടി.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുമായി ഇതുവരെ വാങ്ങിയ വാഹനങ്ങളുടെ വിവരമായിരുന്നു രമ ചോദിച്ചത്. എന്നാല്‍, വാഹനങ്ങള്‍ വാങ്ങുന്നത് ബന്ധപ്പെട്ട ഓഫീസുകളാണെന്ന് മന്ത്രി മറുപടിയില്‍ പറയുന്നു.
പരിശോധിച്ച് അനുമതി നല്‍കുകയാണ് ധനവകുപ്പ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആകെ വാങ്ങിയ വാഹനങ്ങളുടെ ക്രോഡീകരിച്ച കണക്കുകള്‍ ധനവകുപ്പില്‍ സൂക്ഷിച്ചിട്ടില്ല.
എന്നാല്‍, സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ‘വീല്‍സ്’ എന്ന ഡേറ്റാബേസില്‍ സൂക്ഷിക്കുന്നുണ്ട്. പക്ഷേ, ആവശ്യപ്പെട്ട വിവരങ്ങള്‍ തരംതിരിച്ച് ലഭ്യമാക്കുന്നതിന് സോഫ്റ്റ് വെയർ സജ്ജമല്ലെന്നും മന്ത്രി മറുപടിയില്‍ പറയുന്നു.