വെള്ളക്കരവും വസ്തുനികുതിയും വന്‍തുക; കുടിശ്ശിക അടച്ചില്ലെങ്കില്‍ താജ്മഹല്‍ കണ്ടുകെട്ടും

0
215

370വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരം അടയ്ക്കാന്‍ നോട്ടിസ് അയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു കാട്ടി ആഗ്ര നഗരസഭയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കു നോട്ടിസ് നല്‍കിയത്.

കുടിശിക 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ വസ്തു കണ്ടുകെട്ടുമെന്നും നോട്ടിസില്‍ പറയുന്നു.എന്നാല്‍, ചരിത്രസ്മാരകങ്ങള്‍ക്കു വസ്തു നികുതി ബാധകമല്ലെന്നാണ് എഎസ്‌ഐ അധികൃതരുടെ വിശദീകരണം. വാണിജ്യ ആവശ്യത്തിനല്ല വെള്ളം ഉപയോഗിക്കുന്നതെന്നതിനാല്‍ വെള്ളക്കരം അടയ്ക്കാനും ചട്ടമില്ല.

‘താജ്മഹലിന്റെ പരിസരത്തെ പച്ചപ്പു നിലനിര്‍ത്താനാണു വെള്ളം ഉപയോഗിക്കുന്നത്. ഇതാദ്യമാണ് ഇത്തരമൊരു നോട്ടിസ്’- എഎസ്‌ഐ സൂപ്രണ്ട് രാജ് കുമാര്‍ പട്ടേല്‍ പറഞ്ഞു. നോട്ടീസ് അബദ്ധത്തില്‍ അയച്ചതാകാമെന്നും ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതുവരെ മൂന്ന് നോട്ടീസുകള്‍ ലഭിച്ചതായി പുരാവസ്തു ഉദ്യോഗസ്ഥര്‍ പറഞ്ഞു. താജ്മഹലിനെ കൂടാതെ ആഗ്ര കോട്ടയ്ക്കും നികുതിയടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നികുതി ഇനത്തില്‍ 5 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്.

അതേസമയം, താജ്മഹല്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ നികുതി വ്യവസ്ഥകള്‍ നിര്‍ണയിക്കാന്‍ സ്വകാര്യ കമ്പനിയെയാണ് ഏല്‍പിച്ചിരുന്നതെന്നും ഇവര്‍ അയച്ചതാകാം നോട്ടിസെന്നുമാണു കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here