ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; വെറും 15 റൺസിന് എല്ലാവരും പുറത്ത്!

0
332

മെൽബൺ: ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് കുപ്പുകുത്തി ഓസ്ട്രേലിയൻ ബി​ഗ് ബാഷ് ലീ​ഗിലെ സിഡ്നി തൺഡർ. വെറും 15 റൺസിനാണ് ടീം ഓൾ ഔട്ടായത്. ബിബിഎല്ലിൽ അ‍ഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെയുള്ള മത്സരത്തിലാണ് തൺ‍ഡേഴ്സിന് ഞെട്ടിക്കുന്ന ​ഗതികേട് ഉണ്ടായത്. നേരത്തെ, 2019ൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തുർക്കി 21 റൺസിന് പുറത്തായതായിരുന്നു ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് എടുത്തത്.

27 പന്തിൽ 36 റൺസെടുത്ത ക്രിസ് ലിന്നും 24 പന്തിൽ 33 റൺസെടുത്ത ഡി ​ഗ്രാൻഡ്ഹോമും ആണ് സ്ട്രൈക്കേഴ്സിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. തൺഡേഴ്സിനായി ഫസൽഹഖ് ഫറൂഖി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിം​ഗിൽ ആദ്യ ഓവറിൽ തന്നെ തൺഡേഴ്സിന് അവരുടെ സ്റ്റാർ ബാറ്റർ അലക്സ് ഹെയ്ൽസിന്റെ വിക്കറ്റ് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് പൂജ്യം റൺസുമായാണ് താരം മടങ്ങിയത്. മറ്റൊരു ഓപ്പണർ മാത്യൂ ജിക്സും സ്കോർ ബോർഡ് തുറക്കും മുമ്പ് തിരികെ ഡ​ഗ്ഔട്ടിലെത്തി.

പിന്നീട് ബാറ്റർമാർ വരുന്നതും പോകുന്നതും എല്ലാം വളരെ പെട്ടെന്നായിരുന്നു. റിലെ റോസൗ (3), ജേസൺ സം​ഗ (0), അലക്സ് റോസ് (2), ഡാനിയേൽ സാംസ് (1), ഒളിവർ ഡേവിസ് (1) ക്രിസ് ​ഗ്രീൻ (0), ​ഗുരീന്ദർ സന്ധു (0), ബ്രെൻഡൻ ഡോ​ഗറ്റ് (4) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ പ്രകടനം. ഒരു റൺസുമായി  ഫസൽഹഖ് ഫറൂഖി പുറത്താകാതെ നിന്നു.

പത്താം നമ്പറിൽ എത്തിയ ബ്രെൻഡൻ ഡോ​ഗറ്റ് ആണ് ടീമിന്റെ ടോപ് സ്കോറർ. വെസ് അ​ഗറിന്റെ പന്തിൽ ഡോ​ഗറ്റിന് ഇൻസൈഡ് എഡ്ജ് ആയി ബൗണ്ടറി ലഭിച്ചപ്പോൾ കാണികൾ ആരവം ഉയർത്തിയാണ് അത് സ്വീകരിച്ചത്. സ്ട്രൈക്കേഴ്സിനായി ഹെൻ‍റി ത്രോൺടൺ മൂന്ന് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. ആറ് റൺസ് വിട്ടുകൊടുത്താണ് വെസ് അ​ഗർ നാല് വിക്കറ്റുകൾ പിഴുതത്. ബാക്കിയുള്ള ഒരു വിക്കറ്റ് മാത്യൂ ഷോർട്ടും സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here