മംഗളൂരു: സൂറത്കല്‍ കാട്ടിപ്പളയിലെ ഫാന്‍സി ഷോപ്പ് ഉടമ അബ്ദുള്‍ ജലീലിനെ(45) കടയുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്ന കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൃഷ്ണപുര സ്വദേശി ശൈലേഷ് പൂജാരി (21), ഹെജമാടിയിലെ സവിന്‍ കാഞ്ചന്‍ (24),ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കാട്ടിപ്പള്ളയിലെ പവന്‍ (പാച്ചു 23) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി എട്ടരയോടെ അബ്ദുള്‍ ജലീലിന്റെ കടയില്‍ എത്തിയ രണ്ടുപേര്‍ ജലീലിനെ കൊന്ന് പവന്‍ എന്നയാളുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നടത്തിയ ശൈലേഷ്,സവിന്‍ എന്നിവര്‍ സുറത്ത്കലിലെ വാടക ഗുണ്ടകളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വിവിധ കൊലപാതകക്കേസുകള്‍ 2021-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സൂറത്ത്ക്കല്‍, ബജ്‌പ്പെ, കാവൂര്‍, പനമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഡിസംബര്‍ 29-ന് രാവിലെ ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൊലപാതകത്തില്‍ പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി.