അബുദാബിയില്‍ വാടക താമസക്കാര്‍ക്കിടയില്‍ ജനുവരി മുതല്‍ കര്‍ശന പരിശോധന

0
208

അബുദാബി: അബുദാബിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളില്‍ ജനുവരി മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നറിയിച്ച് നഗരസഭ. നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണോ വാടകയ്ക്ക് വിവിധ കെട്ടിടങ്ങളിലും മറ്റുമായി താമസക്കാര്‍ തുടരുന്നത് എന്നതാണ് അധികൃതര്‍ പ്രധാനമായും പരിശോധിക്കുക.

എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന അറിയിപ്പാവുകയാണ്. കാരണം, വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തികസാഹചര്യമില്ലാത്തതിനാല്‍ കെട്ടിടം പങ്കുവച്ച് താമസിക്കുന്നവര്‍ ഇവിടെ നിരവധിയാണ്. 

ഒരു കുടുംബത്തിന് താമസിക്കാവുന്ന ഫ്ളാറ്റില്‍ തന്നെ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുക, ഒരു കുടുംബത്തിന് തുടരാൻ മാത്രം സൗകര്യമുള്ള വീട്ടില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി അധികം പേര്‍ താമസിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ഇവിടെ സാധാരണമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഏതെങ്കിലും വിധേന നിയമലംഘനമായാണ് അധികൃതര്‍ കണക്കാക്കുക. അതുപോലെ കുടുംബങ്ങള്‍ക്കുള്ള താമസസ്ഥലത്ത് ബാച്ച്ലേഴ്സ് താമസിക്കുന്നതും ശിക്ഷാര്‍ഹമായാണ് കണക്കാക്കപ്പെടുക. 50,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ ഇതിന് പിഴയായി വരാം.

ഇത്തരത്തില്‍ കെട്ടിടങ്ങളില്‍ മാറ്റം വരുത്തി താമസിക്കുന്നതിന് തന്നെ കനത്ത പിഴയാണ് ഈടാക്കുക. 10 ലക്ഷം ദിര്‍ഹം വരെ ഇതിന് പിഴ ലഭിക്കാമെന്നാണ് നഗരസഭയുടെ അറിയിപ്പില്‍ പ്രതിപാദിച്ചിട്ടുള്ളത്. അതുപോലെ സ്വദേശികളുടെ പേരിലുള്ള താമസസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ കഴിയുന്നതും മറ്റും എല്ലാം നിയമപ്രശ്നങ്ങള്‍ നേരിടും.

ജനുവരി ഒന്ന് മുതലാണ് ഊര്‍ജ്ജിതമായ പരിശോധന വരുന്നത്. താമസക്കാരുടെ സുരക്ഷ മുൻനിര്‍ത്തി തന്നെയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നതെന്നും നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് താങ്ങാനാകാത്ത അത്രയും താമസക്കാര്‍, ഇതിനിടെ ഇവിടങ്ങളിലെ വിവിധ രീതിയിലുള്ള അപകടസാധ്യതകള്‍, സുരക്ഷാകാര്യങ്ങള്‍ എന്നിവയെല്ലാം തങ്ങളുടെ പരിഗണനയിലുണ്ടെന്നും നഗരസഭ വ്യക്തമാക്കിയിരിക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here