‘യഥാർഥ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന് ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നു’; ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

0
176

ന്യൂഡൽഹി: ബി.ജെ.പി സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതപരമായ വ്യത്യാസങ്ങൾ ആയുധമാക്കി വിദ്വേഷം പടർത്തുകയാണ്. യഥാർഥ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന് 24 മണിക്കൂറും ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്രക്കിടെ ചെങ്കോട്ടയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയിൽ ഉലകനായകൻ കമൽ ഹാസൻ രാഹുലിനൊപ്പം കൈകോർത്തു. നേരത്തെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺധീപ് സുർജേവാല എന്നിവരും യാത്രയിൽ പങ്കെടുത്തിരുന്നു.

ഇത് രണ്ടാം തവണയാണ് സോണിയ യാത്രയുടെ ഭാഗമാവുന്നത്. കർണാടകയിൽ നടന്ന മെഗാ കാൽനട യാത്രയിലാണ് സോണിയ ആദ്യമെത്തിയത്. ‘ഞാൻ 2,800 കിലോമീറ്റർ നടന്നു, പക്ഷേ ഒരു വിദ്വേഷവും കണ്ടില്ല, ഞാൻ ടി.വി തുറക്കുമ്പോൾ അക്രമമാണ് കാണുന്നത്’ -രാഹുൽ ഗാന്ധി പറഞ്ഞു.

മാധ്യമങ്ങൾ ഒരു സുഹൃത്താണ്, പക്ഷേ അത് ഒരിക്കലും നമ്മൾ പറയുന്നതിന്റെ യാഥാർഥ്യത്തെ കാണിക്കുന്നില്ല, കാരണം അതിന്‍റെ പിന്നാമ്പുറത്ത് ഗൂഢാലോചന നടക്കുകയാണ്…എന്നാൽ ഈ രാജ്യം ഒന്നാണ്, എല്ലാവരും സൗഹാർദത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

യാത്രക്ക് ശനിയാഴ്ച വൈകീട്ട് ചെങ്കോട്ടയിൽ താൽകാലിക വിരാമമാകും. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി മൂന്നിനാണ് പിന്നീട് യാത്ര പുനരാരംഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here