ഒന്നര കോടി ചെലവിൽ എല്ലാമത വിഭാഗങ്ങളും ചേർന്ന് നിർമിച്ച മുസ്ലിം പള്ളി; മതസൗഹാർദ്ദത്തിന്റെ സുന്ദര കാഴ്ച

0
250

തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ മതസൗഹാർദ്ദത്തിന്റെ സുന്ദരകാഴ്ചയാവുകയാണ് ഒരു മുസ്ലിം പള്ളി. കാരക്കുടി പനങ്കുടി ഗ്രാമത്തിൽ എല്ലാ മതവിഭാഗങ്ങളും ചേർന്നാണ് ഈ മുസ്ലിം പള്ളി നിർമിച്ചിരിക്കുന്നത്. മതവിദ്വേഷവും തർക്കങ്ങളും പല കോണുകളിൽ നിന്നും ഉണ്ടാകുമ്പോഴാണ് ഈ കൂട്ടായ്മ.

ഇരുനൂറ് വർഷത്തിലധികം പഴക്കമുള്ളതായിരുന്നു ഇവിടുത്തെ മുസ്ലിം പള്ളി. ജീർണാവസ്ഥയിലെത്തിയ പള്ളി പുതുക്കി പണിയാൻ പള്ളിക്കമ്മിറ്റി, തീരുമാനിച്ചു. തീരുമാനം മാത്രമായിരുന്നു കമ്മിറ്റിയുടെത്. ബാക്കിയുള്ളതൊക്കെ നാട്ടുകാർ തോളോടു തോൾ ചേർന്നു നിന്ന്, ചെയ്തു തീർത്തു. ഒന്നര കോടി രൂപ ചിലവിൽ പനങ്കുടി ഗ്രാമത്തിൽ ഉയർന്നു, മതസൗഹാർദ്ദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പ്രതീകമായി പുതിയ മസ്ജിദ്.

എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഒരു മതിൽക്കെട്ടിന്റെ പോലും വേർതിരിവില്ലാതെ. മസ്ജിദ് തുറക്കുന്ന വേളയിൽ, ക്ഷേത്രത്തിൽ പ്രത്യേക പൂജകളുണ്ടായി. പള്ളിയിലും എല്ലാവരുമെത്തി. അങ്ങനെ എല്ലാവരും ചേർന്ന് പനങ്കുടിയെ മറ്റുള്ളവർക്ക് മാതൃകയാക്കി മാറ്റുകയാണ്.

മതവെറിയുടെ കെട്ട കാലത്ത്, പനങ്കുടി ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങൾ കാണിച്ചുതരികയാണ് എങ്ങനെയാണ് സാഹോദര്യത്തോടെ ജീവിയ്‌ക്കേണ്ടതെന്ന്. ഇവിടെ ഹിന്ദുവും മുസ്ലിമും കൃസ്ത്യനുമില്ല. എല്ലാം സഹോദരങ്ങൾ മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here